കോവിഡ് -19: അയർലണ്ടിലേക്ക് വരുന്നവർ വ്യാപനസാധ്യത വർധിപ്പിക്കുന്നു; വിമാനയാത്രക്കിടെ രോഗം ബാധിച്ചവരുടെ എണ്ണം 59

വിമാന സർവീസുകൾ  പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായ ഉയരുന്ന സാഹചര്യമാണ് അയർലൻഡ് ഉൾപ്പെടെയുള്ള ലോക രാഷ്ട്രങ്ങളിൽ കാണുന്നത്. എന്നാൽ വിമാന സർവീസുകൾ ഉടൻ പുനഃസ്ഥാപിക്കേണ്ടതില്ലെന്ന സർക്കാർ വാദത്തിന് ആക്കം കൂട്ടുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കോവിഡ് -19 ന്റെ ഇൻഫ്ലൈറ്റ് ട്രാൻസ്മിഷൻ അയർലണ്ടിലുടനീളം 59 പേരുടെ അണുബാധയ്ക്ക് കാരണമായിരിക്കാമെന്നാണ് റിപ്പോർട്ട്. ഒരേ ദീർഘദൂര വിമാനത്തിൽ 13 യാത്രക്കാർ ഉൾപ്പെടെയാണ് 59 കേസുകൾ. ഇത് ഇപ്പോൾ പുറത്തു വന്ന ഒരു പുതിയ പഠന റിപ്പോർട്ടാണ്.

മിഡിൽ ഈസ്റ്റിൽ നിന്നും  അയർലണ്ടിലേക്കുള്ള ഏഴര മണിക്കൂർ വിമാനയാത്രയിലൂടെ 59 പേരാണ് കോവിഡ്-19 രോഗബാധിതരായത്.
അയർലണ്ടിലെ പൊതുജനാരോഗ്യ വകുപ്പും യൂറോസർവിലൻസും ചേർന്ന് ഒരു യൂറോപ്യൻ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിമാനത്തിന്റെ 283 സീറ്റുകളിൽ 49 (17%) എണ്ണത്തിൽ മാത്രമേ യാത്രക്കാർ ഉണ്ടായിരുന്നുള്ളു. ശാരീരികഅകലം പാലിച്ചാണ് ഇവർ യാത്ര ചെയ്തതും. യാത്രക്കാരായ 13 പേർക്ക് ആദ്യഘട്ടത്തിൽ വൈറസ്‌ബാധ ഉള്ളതായി കണ്ടെത്തി.

അയർലണ്ടിൽ എത്തിയതിനു ശേഷമുള്ള അടുത്ത 48 മണിക്കൂറിൽ രണ്ടു പേരിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും പരിശോധനയിൽ കോവിഡ്ബാധ സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

യാത്ര ചെയ്ത 15 പേർക്കുകൂടി പരിശോധന നടത്തി. ഇവരുടെ ഫലം നെഗറ്റീവ് ആണ്. ഒരാൾ പരിശോധന നടത്താൻ വിസമ്മതിച്ചു. ബാക്കിയുള്ള 11 യാത്രക്കാരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.

വിമാനയാത്ര ചെയ്തവരുമായി സമ്പർക്കം പുലർത്തിയവരാണ് രോഗബാധിതരായ മറ്റ് ആളുകൾ. നാല്പത്തി ആറോളം പേർക്ക് ഇത്തരത്തിൽ രോഗം ബാധിച്ചുവെന്നാണ് റിപ്പോർട്ട്‌. ഒന്നിനും 65 വയസ്സിനുമിടയിൽ പ്രായമുള്ള 59 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായവരുടെ ശരാശരി പ്രായം 23 ആണ്.

രോഗബാധിതരായവർ സ്റ്റോപ്പ്ഓവർ സമയത്ത് ട്രാൻസിറ്റ് ലോഞ്ചിൽ രാത്രി 12 മണിക്കൂർ വരെ ചെലവഴിച്ചുവെന്ന് പഠനം പറയുന്നു. യാത്ര കഴിഞ്ഞ് 2 ദിവസത്തിന് ശേഷമാണ് 13 യാത്രക്കാരിൽ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടത്. വിമാന യാത്ര കഴിഞ്ഞ് 17 ദിവസത്തിന് ശേഷവും രോഗബാധ സ്ഥിരീകരിച്ചത് ആരോഗ്യ മേഖലയെ ആശങ്കയിലാഴ്ത്തുന്നു.

രോഗബാധിതരായ 13 യാത്രക്കാരിൽ ഒമ്പത് പേരുടെ രോഗവ്യാപന ഉറവിടം അറിയില്ലെന്നും, എന്നാൽ കോൺടാക്റ്റ് ട്രെയ്‌സിംഗിനായി ഒരു ടീമിനെ ആരോഗ്യവകുപ്പ് നിയോഗിച്ചുവെന്നും പഠനം പറയുന്നു. രോഗവ്യാപനത്തെ തുടർന്ന് വിമാനത്തിന്റെ ക്രൂ അംഗങ്ങള്‍ക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർദ്ദേശിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: