ജീവിതം തകിടംമറിച്ച ആക്രമണം : പരിക്കേറ്റയാളിന്‌ 231,000 യൂറോ നഷ്ടപരിഹാരം

പബ്ബിൽ നടന്ന ആക്രമണത്തിൽ  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വയോധികന് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിച്ച് കോടതി. ജീവനുതന്നെ ഭീഷണിയാകുന്ന തരത്തിലുള്ള മാരകമായ പരിക്കുകളാണ് Oliver Bennett എന്ന 64-കാരന് ഉണ്ടായത്.

ആക്രമണത്തെ തുടർന്ന് ഏറെ ബുദ്ധിമുട്ടുകളാണ് ഒലിവറിന്റെ ജീവിതത്തിൽ ഉണ്ടായതെന്നും ഇതിനു പകരമായി 231,000 യൂറോ നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി ജസ്റ്റിസ് ബ്രോനാഗ് ഓ ഹാൻലോൺ പറഞ്ഞു. കൂടാതെ അദ്ദേഹത്തിന് ഉണ്ടായ നാശനഷ്ടങ്ങൾക്ക് പബ്ബ് ഉടമയ്ക്കും ആക്രമണകാരിക്കുമെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

2009 ഏപ്രിൽ മാസത്തിൽ വെക്സ്ഫോർഡിലെ വെല്ലിംഗ്ടൺ ബ്രിഡ്ജിലെ Tir Na nOg പബ്ലിക് ഹൗസിൽ വച്ചാണ് ജോൺ കോഡ്, വയോധികനെ ആക്രമിച്ചത്. ആക്രമണത്തെ അസാധാരണമായ ധൈര്യത്തോടെയാണ് ഒലിവർ നേരിട്ടതെന്ന് ജഡ്ജി പറഞ്ഞു.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒലിവർ വളരെക്കാലം കോമയിലായിരുന്നു.

സംഭവദിവസം രാത്രി പബ്ബിൽ വച്ച് പ്രതി ഒലിവറിനോട് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബാർ സ്റ്റാഫുകൾ സംഭവം ബാറിന്റെ ലൈസൻസ് ഹോൾഡറെ ധരിപ്പിക്കാൻ പോയെന്നും തിരികെ എത്തുന്നതിനുമുമ്പ് പ്രതി ബെന്നറ്റിനെ മാരകമായി കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. തലയ്ക്ക് സാരമായ പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

2011-ൽ വെക്സ്ഫോർഡ് സർക്യൂട്ട് ക്രിമിനൽ കോടതിയിൽ നടന്ന വിചാരണയിൽ പ്രതി കുറ്റം സമ്മതിക്കുകയും 18 മാസം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു.

ഒലിവർ പിന്നീട് ആക്രമണകാരിക്കെതിരെയും വാലസ് ടാവെർസ് ലിമിറ്റഡിനെതിരെയും സിവിൽ നടപടികൾ സ്വീകരിച്ചു. പബ് ഓപ്പറേറ്റർമാർ തന്നെ സംരക്ഷിക്കുന്നതിലും ആക്രമണം തടയുന്നതിലും അശ്രദ്ധരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിന് മുമ്പ് കെട്ടിട വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ആരോഗ്യവാനും കഠിനാധ്വാനിയുമായ ആളാണ് ബെന്നറ്റ് എന്ന് ജസ്റ്റിസ് ഓ ഹാൻലോൺ പറഞ്ഞു. ആക്രമണത്തിന് മുമ്പ് സ്വന്തമായി കമ്പനി നടത്തിയിരുന്ന ബെന്നറ്റ് 300 പേർക്ക് ജോലി നൽകിയിരുന്നു. പരിക്കുകളുടെ ഫലമായി, വളരെ പരിമിതമായ ജോലികൾ മാത്രമേ ചെയ്യാൻ കഴിയൂ എന്നും ഇപ്പോൾ അഭയകേന്ദ്രത്തിൽ കഴിയുകയാണെന്നുമുള്ള വയോധികന്റെ വാദം കോടതി അംഗീകരിച്ചു. പരുക്കേറ്റ ഇയാൾക്ക് ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടെന്നും ഈ പരിക്കുകളുടെ ഫലങ്ങൾ ഭാവിയിലും അദ്ദേഹത്തെ അലട്ടുമെന്നും ജഡ്ജി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: