Deliveroo ഡ്രൈവർമാർക്ക് ഡബ്ലിനിൽ ജോലിയെടുക്കാൻ പറ്റാത്ത അവസ്ഥ; ആക്രമണം പതിവ് കാഴ്ച

ഡബ്ലിനില്‍ Deliveroo ജോലിക്കാരെ ലക്ഷ്യമിട്ട് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളില്‍ അടിയന്തര നടപടിയെടുക്കണമെന്ന് Fianna Fail സെനറ്ററായ Mary Fitzpatrick. കോവിഡ് കാലത്ത് ഭക്ഷണം, പലചരക്ക്, പച്ചക്കറി എന്നിങ്ങനെ നമുക്കാവശ്യമായ എല്ലാ സാധനങ്ങളും വീടുകളിലെത്തിച്ച് കര്‍മ്മനിരതരാകുന്ന Deliveroo ജോലിക്കാര്‍ നിരന്തരം സാമൂഹികവിരുദ്ധരുടെ ആക്രമണത്തിന് ഇരയാകുന്നതായി Fitzpatrick ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഗാര്‍ഡ, Deliveroo ജോലിക്കാര്‍, സാമൂഹികപ്രവര്‍ത്തകര്‍ എന്നിവരുമായി ചേര്‍ന്ന് പ്രശ്‌നപരിഹാര ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നഗരത്തിലെ വടക്കന്‍ മേഖലയിലാണ് പ്രശ്‌നം രൂക്ഷമെന്ന് ഇവിടുത്തെ അന്തേവാസി കൂടിയായ Mary Fitzpatick പറയുന്നു. ഇത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും, പൗരത്വം, ലിംഗം, ജോലി എന്നിവയ്ക്ക് അതീതമായി എല്ലാവര്‍ക്കും ഭയപ്പെടാതെ ജീവിക്കാനും ജോലിയെടുക്കാനും സാധിക്കണമെന്നും അവര്‍ വ്യക്തമാക്കി. Deliveroo ജോലിക്കാര്‍ക്ക് ജോലിസ്ഥിരതയടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഏതാനും മാസങ്ങളായി Deliveroo ജോലിക്കാരെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് ഡബ്ലിനില്‍ റിപ്പോര്‍ട്ട് ചെയ്തത്. മര്‍ദ്ദനം, കല്ലേറ്, സൈക്കിളുകള്‍ തട്ടിയെടുക്കുക തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. കൗമാരക്കാരാണ് ഭൂരിഭാഗം ആക്രമണങ്ങള്‍ക്കും പിന്നില്‍.

Share this news

Leave a Reply

%d bloggers like this: