ആമ്പലിന്റെ ഏലക്കാടുകൾ (കഥ ) – ആനി ജോർജ്

‘ആമ്പൽ’ …
അത്ര ചെറുതല്ലാത്ത ആ അടുക്കളയിൽ ഓടി നടക്കുകയാണ്. ഇന്ന് വിരുന്നുകാരുണ്ട്. തോട്ടം വാങ്ങാൻ വരുന്ന ഏതോ ഒരു തിരുവല്ലക്കാരൻ അച്ചായനും കൂട്ടരും ആണെന്നാണ് സെൽവൻ ഇന്നലെ രാവിലെ വണ്ടിയെടുക്കാൻ വന്നപ്പോൾ പറഞ്ഞത്. സെൽവൻ ബംഗ്ലാവിന്റെ നോട്ടക്കാരനാണ്. പിറ്റേന്ന് തോട്ടം ചുറ്റിക്കാണാൻ ആവശ്യം വരുമെന്നതിനാൽ വണ്ടിയുടെ കണ്ടീഷൻ ഓടിച്ചു നോക്കി ഒന്നുറപ്പു വരുത്താൻ സെൽവൻ വന്ന വഴിയാണ്,ആമ്പലിനെ കണ്ട് അവൾക്ക് പിറ്റേന്ന് ബംഗ്ലാവിൽ ഡ്യൂട്ടി ഉള്ള കാര്യം അവളോട്‌ പറഞ്ഞത്.ആറു പേരുടെ ഒരു സംഘമാണ് വരുന്നതെന്നും സെൽവൻ പറഞ്ഞിരുന്നു .

ഒരു ശരാശരി മുതലാളി അച്ചായന്റെ ഊണ് മേശയിൽ അത്യാവശ്യം വേണ്ട വിഭവങ്ങളെല്ലാം ഏതാണ്ട് റെഡി ആയിട്ടുണ്ട്‌. സെൽവൻ വേണ്ട സാധനങ്ങളെല്ലാം ഇന്നലെയും ഇന്ന് രാവിലെയുമായി അടുപ്പിച്ചിരുന്നു. ആമ്പലിനു ‘ വൃത്തിയാക്കൽ ‘ ജോലി ഉണ്ടായിരുന്നു ഇന്നലെ.ഇന്ന് പാചകവും. വിഭവങ്ങളെല്ലാം തയ്യാറാക്കി മേശപ്പുറത്തു യഥേഷ്ടം നിരത്തി വച്ച്, പ്ലേറ്റുകളും, കുടിക്കാനുള്ള വെള്ളവും, കൈ തുടക്കാനുള്ള ടവൽ വരെ എടുത്തു വച്ച്, ആമ്പൽ കതകിനോട് ചേർന്ന് ഒതുങ്ങി നിന്നു.

പത്തും നാലും പ്രായമുള്ള രണ്ടു പെൺകുട്ടികളും, അവരുടെ അമ്മയും അപ്പനും, പിന്നെ മധ്യവയസ്കരായ രണ്ടു ആണുങ്ങളുമായിരുന്നു വിരുന്നുകാർ. അവർ ഊണുമേശയുടെ വശങ്ങളിലായി ഇരിപ്പുറപ്പിച്ചു. ഇളയ പെൺകുട്ടി ഒരു കുസൃതിയാണെന്ന് തോന്നുന്നു.അതുവരെ കണ്ടിട്ടില്ലാത്ത ആമ്പലിനെ കതകിന്റെ പുറകിൽ കണ്ടപ്പോൾ, അവൾ ഒരു കള്ളച്ചിരിയുമായി മൂത്തവളുടെ പുറകിലേക്ക് പമ്മി മുഖമൊളിപ്പിച്ചു.ആമ്പൽ ‘ സാറ്റ് ‘ കളിക്കാൻ നിൽക്കുവാണെന്ന് അവൾ വിചാരിച്ചെന്നു തോന്നുന്നു.ആഹാരം കഴിക്കുന്നതിനിടയിലും അവൾ ഇടക്കിടയ്ക്ക് ആമ്പലിനെ പാളി നോക്കുന്നുണ്ടായിരുന്നു.

കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീ, കുട്ടികളുടെ അമ്മ, ആഹാരം കഴിച്ച ശേഷം, കൈ കഴുകി, ആമ്പലിനെ നോക്കിയൊന്നു പുഞ്ചിരിച്ചു. ഒരു പരിചയപ്പെടലിന്റെ താല്പര്യത്തോടെ അവർ ചോദിച്ചു.

“എന്താ പേര്?”
“ആമ്പൽ”

“ഇവിടെ കുറേ നാളായോ?”
“ആമാ,12 വർഷമാച്ച് ”

“ഞങ്ങളങ്ങു തിരുവല്ലയാണ്. വന്നിട്ടൊണ്ടോ, അങ്ങോട്ടൊക്കെ? ” “ഇല്ലമ്മാ,12 വർഷം ഇങ്കെ സാന്തംപാറ താനിരുന്തെ ”

“മലയാളമൊക്കെ പഠിച്ചോ, ഇവിടെ വന്ന്? ”

“പേസര്ത്തുക്കു കൊഞ്ചം പ്രച്ന ഇറുക്ക്‌. ആനാ, നല്ലാ തെരിയും. ഇങ്കെ തോട്ടത്തില് നെറയെ ഇന്ത ഊരിലെ താൻ ആളിറുക്കെ. ”

” ആഹാരമൊക്കെ നന്നായിരുന്നു. ഒക്കെ ഇവിടെ വന്നു പഠിച്ചതാരിക്കും, അല്ലെ?? ”
ആമ്പൽ നന്ദിയോടെ പുഞ്ചിരിച്ചു.
” ശരി, കാണാം ” , സ്ത്രീ കുട്ടികളെയും കൊണ്ട് പുറത്തേക്കിറങ്ങി.

ഒഴിഞ്ഞ പാത്രങ്ങൾ കഴുകി, അടുക്കള ഒതുക്കി, ബാക്കി ഭക്ഷണ സാധനങ്ങളുമെടുത്തു, അടുക്കൽ പൂട്ടി, താക്കോൽ സെൽവനെ ഏൽപ്പിക്കുമ്പോൾ മണി മൂന്നു കഴിഞ്ഞു. കോടമഞ്ഞു കയറി തുടങ്ങിയിരുന്നു. കുറേക്കൂടി കഴിഞ്ഞാൽ തമ്മിൽ കാണാൻ കൂടി ബുദ്ധിമുട്ടാകും. ആരും കാത്തിരിക്കുന്നില്ലെങ്കിൽ കൂടി, ആമ്പൽ വീടെത്താനുള്ള ധ്രുതിയിൽ കാലുകൾക്ക് വേഗത കൂട്ടി.

ആമ്പൽ പതിനാറാം വയസ്സിൽ അച്ഛൻ മുരുകനോടും ഇളയ സഹോദരൻ മുത്തുവിനോടുമൊപ്പം തൃശ്ശിനാപ്പള്ളിയിലുള്ള കുഞ്ഞു കൂരയും വിട്ട് പെറുക്കി ശാന്തമ്പാറയിൽ വന്നതാണ്.ആകെ രണ്ട് സെന്റ് സ്ഥലമുണ്ടായിരുന്നത് ഭാര്യയുടെ ചികിത്സാർത്ഥം നേരത്തെ വിൽക്കേണ്ടി വന്നു.അയൽക്കാരൻ മുത്തയ്യ ഈ ഏലത്തോട്ടത്തിലെ പണിക്കാരനാണ്. ഒറ്റാന്തടിയാണ്. മുരുകന്റെ ഭാര്യ നുമോണിയ ബാധിച്ചു മരിയ്ക്കുമ്പോൾ ആമ്പലിനു പതിനാലും, മുത്തുവിന് പന്ത്രണ്ടും വയസ്സായിരുന്നു. ആ ശൂന്യതയിൽ നിന്നു കര കയറാൻ മുരുകന് ആ സ്ഥലം വിടേണ്ടി വന്നു. ഭാര്യയുടെ ഓർമ്മകളെ കുഴിച്ചു മൂടി കുഞ്ഞുങ്ങളെയും കൊണ്ട് തൃശ്ശിനാപ്പള്ളി വിടുമ്പോൾ മുരുകൻ ഓർമകളുടെ വേരറുത്തു ജീവിതം പറിച്ചു നടുകയായിരുന്നു.

ശാന്തമ്പാറയിലെ ഏലക്കാടുകളിൽ മക്കളുമൊത്തു പുതിയ ജീവിതം തുടങ്ങുമ്പോൾ കഷ്ടപ്പാടിലൂടെ വീണ്ടുമൊരു ജീവിതം കെട്ടിപ്പടുക്കുവാനുള്ള നിശ്ചയദാർഢ്യം മുരുകൻ കൈവരിച്ചു.

ഏല കാടുകളിൽ എല്ലാവർക്കും എന്നും പണിയുണ്ടായിരുന്നു. പുരുഷന്മാർ മരുന്നടിയും, കുഴിയെടുക്കലും,വളമിടീലും, പുകയ്ക്കലുമൊക്കെയായി വേറൊരു വിഭാഗമാണ്. ആമ്പൽ മറ്റു സ്ത്രീകളോടൊപ്പം ഏലക്കാടുകളിൽ ഏലം നുള്ളുന്ന പണിയാണ് ചെയ്തിരുന്നത്.8:30 മുതൽ 4:00 വരെ ജോലിസമയം. നാനൂറു രൂപ ദിവസക്കൂലി.ഏലത്തിനു വിലയിടിയുന്നതനുസ്സരിച്ചു ദിവസ്സക്കൂലിയിലും ഏറ്റക്കുറച്ചിലുകൾ കണ്ടു. മുരുകന് സ്ഥിരം ജോലി കിടങ്ങുകൾ ചുറ്റിയ ‘ പുക വീട്ടിൽ ‘ ആണ്. അവിടെ ആണ് ഏലം പുകച്ചു ഉണക്കി സൂക്ഷിക്കുന്നത്. ആദ്യമാദ്യം ആമ്പലും മുത്തുവും മുരുകനും അവിടെത്തന്നെ കൂടി. പതിയെ പ്പതിയെ കഷ്ടപ്പെട്ടാണെങ്കിലും ഒരു ചിലന്തിയെ പോലെ അവർ അവരുടെ സ്വപ്നക്കൂടുണ്ടാക്കി.ഒരു പർണശാല പോലെ കുറ്റിക്കാടുകൾക്കിടയിൽ ഒളിച്ചിരിയ്ക്കുന്ന ഒരു വീട്.

ആമ്പൽ ബംഗ്ലാവിൽ നിന്നു വീട്ടിലേക്കു നടക്കുന്ന വഴിയാണ്. മറ്റു തൊഴിലാളികൾ അന്നത്തെ പണി മതിയാക്കി കയറിത്തുടങ്ങി. തോട്ടത്തിലെ ജീവിതം സ്ഥായിയായി ഒഴുകുകയാണ്. ഒരേ കൂലി, ഒരേ ജോലി, ഒരേ കാലാവസ്ഥ, പ്രളയമില്ല, ഉരുൾപ്പൊട്ടലില്ല.. സമാധാനം തന്നെ.

ഏലക്കാടുകളുടെ സുഗന്ധം പേറി വരുന്ന കാറ്റ്, ആമ്പലിനു ചെറിയ ഒരു കുളിരു തോന്നിച്ചു. വട്ടിപ്പലിശക്കാർ തോട്ടത്തിൽ കറങ്ങി നടപ്പുണ്ട്. നാല് മണി മുതൽ അവരുടെ സമയമാണ്. ദാരിദ്ര്യത്തിൽ ഇരിക്കുന്നവരെ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന വട്ടിപ്പലിശക്കാർ.വന്മരങ്ങൾ എസ്റ്റേറ്റ് റോഡിൽ ഇരുൾ വീഴ്ത്തിയിരുന്നു. റോഡിനും വൈദ്യുതിക്കുമൊന്നും അടുത്തിടയൊന്നും ഇവിടെ സാധ്യത ഇല്ല. നീല നിറത്തിലുള്ള മണിക്കുയിലുകൾ ഇപ്പോഴും നിർത്താതെ പാടുന്നുണ്ട്. ചീവീടുകളുടെ ഘോരശബ്ദം സദാ മുഴങ്ങുന്നുണ്ട്. അവയ്ക്കു രാവെന്നോ, പകല്ലെന്നോ ഇല്ല.

ആമ്പൽ വീട്ടിലെത്തിയപ്പോഴേയ്ക്കും മണിയഞ്ചാകാറായിരുന്നു. കൊണ്ട് വന്ന ആഹാരം അടുക്കളയുടെ മൂലയ്ക്ക് തൂക്കിയിരുന്ന ഉറിയിൽ വച്ചിട്ട്, വീടിനു തൊട്ടടുത്തുള്ള ചെക്ക് ഡാമിൽ മേലുകഴുകി, തിരിച്ചു വീട്ടിലെത്തിയപ്പോൾ കോടമഞ്ഞു വീടിനെ അപ്പാടെ വിഴുങ്ങിക്കഴിഞ്ഞിരുന്നു.

ആഹാരം കഴിച്ചു പായ് വിരിച്ചു കിടക്കുമ്പോൾ, പകല് കണ്ട കുഞ്ഞുങ്ങൾ ആമ്പലിന്റെ ചിന്തയിലോടി നടന്നു. താനും മുത്തുവും.ഇവിടെ വരുമ്പോൾ മുത്തുവിന് പതിന്നാലും, തനിയ്ക്ക് പതിനാറും. ഇപ്പോൾ അവനുണ്ടായിരുന്നെങ്കിൽ യോഗ്യനായ ഒരു പുരുഷനായേനേ. അപ്പൻ മുരുകനും, അനിയൻ മുത്തുവും തന്നെ ഈ ഏലക്കാട്ടിൽ തനിച്ചാക്കി പോയിട്ട് വർഷം ആറായി.അന്ന് പതിവ് പോലെ പുകവീട്ടിൽ, അപ്പന് പണിയുണ്ടായിരുന്നു. പിറ്റേന്ന് ഏലച്ചാക്കുകൾ ടൗണിലേയ്ക്ക് വണ്ടിയിൽ കയറ്റി വിടുന്നത് വരെ പുകവീടിന്റെ കാവലും ഉത്തരവാദിത്വവും മുരുകനാണ്.പത്തു പതിനഞ്ച് ചാക്ക് ഏലം എപ്പോഴും സ്റ്റോക്ക് ഉണ്ടാകും. അന്ന് അപ്പനൊരു കൂട്ടിനു മുത്തുവും അവിടെ തങ്ങി.

പിറ്റേന്ന് കൂടെ പണിയുന്ന സെൽവിയും ഒന്ന് രണ്ടു പെണ്ണുങ്ങളും പതിവില്ലാതെ രാവിലെ വീട്ടിലെത്തി.കോട മഞ്ഞു വകഞ്ഞു മാറ്റി പായുന്ന പോലീസ് ജീപ്പ്കൾ കണ്ടു അന്വേഷിയ്ക്കുമ്പോൾ സെൽവി പറഞ്ഞാണ് താനറിഞ്ഞത്. തലേന്ന് രാത്രി മുരുകനെയും മുത്തുവിനെയും ആരോ ആക്രമിച്ചു. അവസാനമായി ഒന്ന് കാണാൻ പോലും പോലീസ് സാറന്മാര് അനുവദിച്ചില്ല. ഏലം മോഷ്ടിക്കാൻ കരുതിക്കൂട്ടി വന്നവൻ മുറിയിലെ ബെഞ്ചിൽ കിടന്നു മയങ്ങുകയായിരുന്ന മുരുകനെ, പന്നികളെ കൊല്ലുന്ന അതേ രീതിയിൽ കൂടം കൊണ്ട് തലയ്ക്കടിച്ചാണ് കൊന്നത്.അലർച്ച കേട്ടു ഓടി വന്ന മുത്തുവിന്റെ തൊണ്ടയിലാണ് കുത്തു കൊണ്ടത്. ശബ്ദിയ്ക്കാതിരിയ്ക്കാനാകണം, വേട്ടയാടി പിടിയ്ക്കുന്ന മൃഗങ്ങളുടെ തൊലിയുരിയ്ക്കാൻ നായാട്ടുകാർ ഉപയോഗിയ്ക്കുന്ന നീളമേറിയ കത്തി കൊണ്ട് അഞ്ചോ ആറോ കുത്തുകളുണ്ട്.

പോലീസിന്റെ നടപടി ക്രമങ്ങൾക്ക് ശേഷം വിട്ടുകിട്ടിയ ശരീരങ്ങൾ, ഏലക്കാട്ടിൽ, തങ്ങളുടെ സ്വപ്നക്കൂടിന്റെ വടക്കു ഭാഗത്തു, കാട്ടുവള്ളി രക്തം ഊറ്റിക്കുടിച്ച് നിശേഷം ഇല്ലാതാക്കിയ ഒരു മരത്തിന്റെ കീഴിൽ, രണ്ടു മൺകൂനകളായി വിശ്രമിച്ചു. ആ മരത്തിൽ വലിയ പൊത്തുകളുണ്ട്. മരപ്പട്ടി, മുള്ളൻപന്നി,ചെങ്കീരി, അങ്ങനെ എന്ത് വേണമെങ്കിലും ആ പൊത്തുകളിൽ യഥേഷ്ടം ജീവിച്ചിരുന്നു. കാൽക്കീഴിൽ, മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുകളുടെ ഒരു നിഗൂഢ ലോകം, ആ വയസ്സൻ മരം കാത്തുസൂക്ഷിച്ചിരുന്നു. ആമ്പലിന്റെ ഓർമ്മകൾ പോലെ.

അന്ന് മുതൽ ആമ്പൽ ഒറ്റയ്ക്കാണ്. ജീവിതത്തിൽ, രാത്രിയും, പകലും.അവളുടെ എങ്ങലുകൾ ചീവീടുകളുടെ ശബ്ദത്തിൽ മുങ്ങി അവളിൽ തന്നെ ഒടുങ്ങി.രാത്രിയുടെ വൈകിയ യാമങ്ങളിൽ പുറത്തെ ചെറിയ അനക്കങ്ങൾ പോലും അവളെ ഉണർത്തിയിരുന്നു. അപ്പോഴൊക്കെ പുറത്ത് മരച്ചോട്ടിൽ ആമ്പലിന്റെ പർണശാലയ്ക്ക് കാവലിരിയ്ക്കുന്ന മുരുകന്റെയും മുത്തുവിന്റെയും ഓർമ്മകൾ, ഏലക്കാടിന്റെ സുഗന്ധം വഹിച്ച കാറ്റായി അവളെ തലോടി.

ആനി ജോർജ്

Share this news

Leave a Reply

%d bloggers like this: