പരിശോധനയ്ക്കിടെ വനിതാ ഡെലിവറൂ റൈഡറുടെ പാസ്സ്പോർട്ടും പണവും മോഷ്ടിച്ചു; ഗാർഡ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

വനിതാ ഡെലിവറൂ റൈഡറില്‍ നിന്നും പാസ്‌പോര്‍ട്ടും, പണവും മോഷ്ടിച്ച കേസില്‍ ഗാര്‍ഡ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് പരിശോധനയുടെ ഭാഗമായി ഗാര്‍ഡ ഉദ്യോഗസ്ഥര്‍ എന്ന് അവകാശപ്പെട്ട രണ്ട് പേര്‍ ഡബ്ലിനിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പാസ്‌പോര്‍ട്ടും, നൂറുകണക്കിന് യൂറോയും മോഷ്ടിച്ചതായി ഡെലിവറൂ റൈഡര്‍ പരാതി നല്‍കിയത്.

സിറ്റി സെന്ററില്‍ വച്ച് തടഞ്ഞുനിര്‍ത്തിയായിരുന്നു ആദ്യം പരിശോധന നടത്തിയത്. രണ്ട് പേര്‍ക്കും ഗാര്‍ഡ ബാഡ്ജുകളും ഉണ്ടായിരുന്നു. ശേഷം ഇവരെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് കൊണ്ടുപോയി അവിടെയും പരിശോധന നടത്തി. പരിശോധനയ്ക്ക് ശേഷം ‘ഓഫിസര്‍മാര്‍’ മടങ്ങിയ ശേഷമാണ് പാസ്‌പോര്‍ട്ടും, പണവും നഷ്ടപ്പെട്ടതായി യുവതി മനസിലാക്കിയത്.

തുടര്‍ന്ന് അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനില്‍ യുവതി പരാതി നല്‍കുകയും, പരാതി സ്വീകരിച്ച ഗാര്‍ഡ, പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരുടെ ഫോട്ടോസ് തലസ്ഥാനത്തെ എല്ലാ ഗാര്‍ഡ സ്‌റ്റേഷനിലേയ്ക്കും അയയ്ക്കുകയും ചെയ്തു. ഇതില്‍ നിന്നും ഫോട്ടോയില്‍ ഉള്ള വ്യക്തികളിലൊരാള്‍ താനാണെന്ന് ഒരു ഗാര്‍ഡ ഉദ്യോഗസ്ഥന്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ പരിശോധന യഥാര്‍ത്ഥത്തിലുള്ളതായിരുന്നുവെന്നാണ് താന്‍ കരുതിയത് എന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

അതേസമയം പരിശോധനയെ പറ്റിയുളള വിവരങ്ങളൊന്നും ഗാര്‍ഡ ഡാറ്റ ബേസില്‍ സേവ് ചെയ്തിട്ടുണ്ടായിരുന്നില്ല. നടത്തുന്ന പരിശോധന സംബന്ധിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ ഡാറ്റ ബേസില്‍ റെക്കോര്‍ഡ് ചെയ്യണമെന്നാണ് നിയമം. ഇതിനിടെ സംഭവം വിവാദമായതോടെ സെര്‍ച്ച് സംബന്ധിച്ച വിവരങ്ങള്‍ ഡാറ്റ ബേസില്‍ പ്രത്യക്ഷപ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ തട്ടിപ്പ് നടത്തിയതായി അന്വേഷകര്‍ മനസിലാക്കുകയായിരുന്നു.

തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുന്നിന്റെ ഭാഗമായി ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി ഗാര്‍ഡ പ്രസ് ഓഫിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: