അയർലൻഡിൽ വരും മാസങ്ങളിൽ പണപ്പെരുപ്പം 10 ശതമാനത്തിലധികം ഉയരുമെന്ന് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ്

അയർലൻഡിൽ വരും മാസങ്ങളിൽ പണപ്പെരുപ്പം 10 ശതമാനത്തിലധികം ഉയരുമെന്നും എന്നാൽ ആ ഉയർച്ചയ്ക്ക് ശേഷം കുറയാൻ തുടങ്ങുമെന്നും സെൻട്രൽ ബാങ്ക് മുന്നറിയിപ്പ്. ഏറ്റവും പുതിയ ത്രൈമാസ ബുള്ളറ്റിനിലാണ് സെൻട്രൽ ബാങ്കിന്റെ പ്രവചനം . ഈ വർഷം ഗാർഹിക വരുമാനം കുറയുമെന്നും എന്നാൽ ശക്തമായ വേതന വളർച്ചയോടെ അടുത്ത വർഷം വരുമാനം കൂടുമെന്നും ബാങ്ക് പറയുന്നു.

പണപ്പെരുപ്പം അടുത്ത വർഷം ശരാശരി 4.2 ശതമാനമായി കുറയുമെന്നും , അതേസമയം ഈ വർഷം പണപ്പെരുപ്പം ശരാശരി 7.8% ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി സെൻട്രൽ ബാങ്ക് സൂചിപ്പിച്ചു.

ഉയർന്ന ഊർജ നികുതി ഈടാക്കുന്ന സർക്കാർ നടപടികൾ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം അടുത്ത വർഷം 6.6% വരെ വേതന വളർച്ച ഉണ്ടാവാമെന്നും, കൂടാതെ സാങ്കേതികവിദ്യ പോലുള്ള ഉയർന്ന വളർച്ചാ നിരക്കുള്ള മേഖലകളിൽ വേതന വർദ്ധനവ് കൂടുതലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

രാജ്യത്തെ കയറ്റുമതി മേഖലയുടെ ശക്തമായ പ്രകടനത്തെ അടിസ്ഥാനമാക്കി ഈ വർഷത്തെ ജിഡിപി വളർച്ച നിരക്ക് മുൻപത്തെ 6.1% ൽ നിന്ന് 9.1% ആയി ഉയർന്നതായും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

ഈ ആഴ്ച പുറത്തുവന്ന സമ്മർ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റിൽ പങ്കുവെച്ച ആശങ്കകൾ സെൻട്രൽ ബാങ്കും കണക്കിലെടുത്തിട്ടുണ്ട് , മൊത്തം കോർപ്പറേഷൻ നികുതിയുടെ വലിയൊരു ഭാഗവും വരുന്നത് വെറും രണ്ട് വ്യാവസായിക മേഖലകളിൽ (ഫാർമസ്യൂട്ടിക്കൽസ്, ഐടി) ശ്രദ്ധ കേന്ദ്രികരിച്ച പത്ത് കമ്പനികളിൽ നിന്നാണ്‌. ഈ ഫണ്ടിനെ ആശ്രയിക്കുന്നത് സാമ്പത്തിക മേഖലയ്ക്ക് ഗുണകരമാവില്ലെന്നും ബാങ്ക് സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: