അയർലണ്ടിലെ പൊതുഗതാത ഉപയോഗത്തിൽ വമ്പൻ കുതിപ്പ്; പോയ വർഷം ആകെ നടത്തിയത് 308 ദശലക്ഷം യാത്രകൾ

അയര്‍ലണ്ടിലെ പൊതുഗതാഗതത്തിന്റെ ഉപയോഗം കോവിഡ്-19 മാന്ദ്യത്തിന് ശേഷം കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (NTA) കണക്കുകള്‍. Bus Éireann, Iarnród Éireann, Luas, Go-Ahead Ireland എന്നിവ ഉള്‍പ്പെടുന്ന ട്രാന്‍സ്പോര്‍ട്ട് ഫോര്‍ അയര്‍ലണ്ട് പബ്ലിക് സര്‍വീസ് ഒബ്ലിഗേഷന്‍ സേവനങ്ങള്‍ 2023-ല്‍ 308 ദശലക്ഷത്തിലധികം യാത്രകളാണ് നടത്തിയത്.

പൊതുഗതാഗത സംവിധാനത്തിന്റെ ഉപയോഗത്തിലെ ഇതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡുകള്‍ മറികടന്ന വര്‍ഷമായിരുന്നു കഴിഞ്ഞ വര്‍ഷം. 2019-ല്‍ സ്ഥാപിച്ച മുന്‍ റെക്കോര്‍ഡിനേക്കാള്‍ 5 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2020 മുതല്‍ 2022 വരെയുള്ള മൂന്ന്‍ വര്‍ഷത്തെ പൊതുഗതാഗത ഉപയോഗത്തിന്‍റെ കണക്കുകളെ മുഴുവന്‍ കോവിഡ് പാന്‍ഡെമിക്ക് ബാധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷത്തില്‍ ഡബ്ലിന്‍ ബസുകള്‍ 145 ദശലക്ഷം യാത്രകള്‍ നടത്തി എങ്കിലും ബസ് Éireann ആണ് യാത്രക്കാരുടെ എണ്ണത്തില്‍പ്രകടമായ മാറ്റം രേഖപ്പെടുത്തിയത്. 2022 ല്‍ 35 ദശലക്ഷം യാത്രകള്‍ നടത്തിയതില്‍ നിന്നും 2023 ല്‍ അത് 44 ദശലക്ഷമായാണ് ഉയര്‍ന്നത്.

കഴിഞ്ഞ വര്‍ഷത്തില്‍ Luas-ൽ 48.2 ദശലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്, അതായത് 2022-നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനവാണ് 2023-ല്‍ നേടിയത്. Irish Rail-ലെ യാത്രക്കാരുടെ എണ്ണത്തിലും 10 ദശലക്ഷം ആളുകള്‍ എന്നതില്‍ നിന്നും 45.5 ദശലക്ഷം ആളുകള്‍ എന്നതിലേക്ക് എത്തിയിരുന്നു.

ഗ്രാമങ്ങളില്‍ TFI ലോക്കല്‍ ലിങ്ക് ബസ്സുകളില്‍ 3.2 ദശലക്ഷം ആളുകള്‍ സഞ്ചരിച്ചത് 78 ശതമാനം വര്‍ധനവാണ് ഉണ്ടാക്കിയത്. രാജ്യത്തുടനീളം 60-ല്‍ അധികം പുതിയതും മെച്ചപ്പെട്ടതുമായ സേവനങ്ങള്‍ ആരംഭിച്ചു.

2023-ല്‍ പൊതുഗതാഗതം ഒരു പ്രധാന വഴിത്തിരിവായെന്ന് കണക്കുകളെ അടിസ്ഥാനമാക്കി ഗതാഗത മന്ത്രി Eamon Ryan അഭിപ്രായപ്പെട്ടു. കൂടുതല്‍ മെച്ചമോടെ എന്നാല്‍ കുറഞ്ഞ നിരക്കില്‍ നിരവധി പൊതുഗതാഗത വാഹനങ്ങള്‍ നിരത്തില്‍ഇറക്കിയത് ആളുകള്‍ക്ക് പ്രയോജനമായെന്നും അദ്ദേഹം പറഞ്ഞു. ഈ കണക്കുകള്‍ തന്നെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നും, പൊതുഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുമ്പോള്‍ ഗ്രമങ്ങളിലുള്ളവരും നഗരങ്ങളിലുള്ളവരും അതിനെ ആശ്രയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: