Clonmel (South Tipperary: South Tipperary മേഖലയിലുള്ള മലയാളികളുടെ ഇടയിലുള്ള പരസ്പര സ്നേഹവും സഹവർത്തിത്വവും ഊട്ടി ഉറപ്പിക്കാനും, ചുറ്റുമുള്ള ഐറിഷ് സമൂഹവുമായി കൂടുതൽ ഇടകലർന്ന് പ്രവർത്തിക്കുവാനും വേണ്ടി രൂപം നൽകിയ പുതിയ കൂട്ടായ്മയാണ് Malayalis In South Tipperary (MIST).
ജനുവരി 17-ന് Clonmel-ൽ വെച്ച് സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ Clonmel മേയർ ശ്രീ Richie Molloy, MIST കമ്മ്യൂണിറ്റിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. പീസ് കമ്മീഷണർ ശ്രീ Renny Abraham അധ്യക്ഷത വഹിച്ച യോഗത്തിൽ, കൗൺസിലർ Michael Murphy, കൗൺസിലർ John Fitzgerald, Garda sergeant Kieran OReagen എന്നിവരും സന്നിഹിതരായിരുന്നു.

MIST ലോഗോ, വീഡിയോ എന്നിവ Garda sergeant Kieran OReagen പ്രകാശനം ചെയ്തു. മേയർ Richie Molloy മലയാളികൾ ഈ രാജ്യത്തിന് വേണ്ടി ചെയ്യുന്ന സംഭാവനകളെ പ്രത്യേകം അനുസ്മരിച്ചു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികളുടെ സേവന തല്പരതയും അർപ്പണ മനോഭാവവും പകരം വെക്കാനില്ലാത്ത മാതൃകകളാണ് എന്നും അദ്ദേഹം പ്രസ്താവിച്ചു. Councillor Michael Murphy, John Fitzgerald എന്നിവർ ആശംസ അർപ്പിച്ചു.
MIST കൂട്ടായ്മയുടെ ഔപചാരികമായ തുടക്കത്തിന് മുന്നോടിയായി MIST അംഗങ്ങൾ Clonmel Hygene Hub പ്രവർത്തനങ്ങൾക്കായി ഏകദേശം 100 കിലോഗ്രാം അവശ്യ വസ്തുക്കൾ സംഭാവന ചെയ്യുകയുണ്ടായി. ജനുവരി 9-ന് Clonmel-ൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ Hygene Hub പ്രവർത്തകരായ Phil Kehoe, Loreto എന്നിവർ ഇവ ഏറ്റു വാങ്ങി. സഹജീവികൾക്ക് കരുതലിന്റെ കരസ്പർശം നീട്ടുന്ന MIST മാതൃക അനുകരണീയം ആണെന്നും, മറ്റുള്ളവർക്കും ഇത് പ്രചോദനം നൽകട്ടെ എന്നും തുടർന്ന് നടന്ന യോഗത്തിൽ Hygene Hub ലെ Phil Kehoe പറഞ്ഞു.

ജനുവരി 15-ന് Clonmel Garda station ഉദ്യോഗസ്ഥർക്ക് വേണ്ടി MIST പ്രവർത്തകർ ഒരു വിഭവ സമൃദ്ധമായ ഇന്ത്യൻ രീതിയിലുള്ള അത്താഴം നൽകുകയുണ്ടായി. ജനങ്ങളുടെ സുരക്ഷയ്ക്കും അവരുടെ വസ്തുവകകൾ സംരക്ഷിക്കുവാനും വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പലപ്പോഴും അവർക്ക് അർഹമായ പരിഗണന പോലും ലഭിക്കാറില്ല. ജനക്ഷേമം ഉറപ്പാക്കാൻ വേണ്ടിയുള്ള ഈ സേവനങ്ങളെ പ്രകീർത്തിക്കാനും, അവരുടെ പരിശ്രമങ്ങൾക്ക് നന്ദി പറയുവാനും വേണ്ടിയാണ് ഈ അത്താഴ വിരുന്ന് സംഘടിപ്പിച്ചത്. Garda ഉദ്യോഗസ്ഥർക്ക് വേണ്ടി sergeant Kieran OReagen MIST പ്രവർത്തകരെ അഭിനന്ദിക്കുകയും, അവർക്ക് നന്ദി പറയുകയും ചെയ്തു.