ഹെൽത്ത്കെയർ അസിസ്റ്റന്റുമാരുടെ ഫാമിലി സ്റ്റാറ്റസ് പ്രശ്നം: മൈഗ്രന്റ് നഴ്സസ് അയർലണ്ട് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി

ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് അവരുടെ പങ്കാളികളെയും മക്കളെയും അയർലണ്ടിലേക്ക് കൊണ്ടുവരാൻ സാധിക്കാത്ത പ്രശ്നം ഉയർത്തി മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) പാർലമെന്റ് പ്രതിഷേധം അടക്കം വിവിധങ്ങളായ ക്യാമ്പയിൻ സംഘടിപ്പിച്ചതിന്റെ കൂടി ഭാഗമായി സർക്കാർ അവരുടെ മിനിമം ശമ്പളം 27,000 യൂറോയിൽനിന്നും 30,000 ആയി വർധിപ്പിക്കാൻ തീരുമാനം എടുത്തിരുന്നു. എന്നാൽ തൊഴിലുടമകൾ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായി ഈ തീരുമാനം താൽക്കാലികമായി മരവിപ്പിക്കുകയും, നഴ്സിംഗ് ഹോമുകൾക്ക് ഒരു പുതിയ ഫണ്ടിംഗ് മോഡൽ കണ്ടെത്തിയശേഷം ശമ്പള വർധന ഉണ്ടാകുമെന്നും ഒരു തീരുമാനം ഏതാനും ആഴ്ചകൾക്കു മുൻപ് സർക്കാർ കൈക്കൊണ്ടിരുന്നു.

മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഇതിനെ ചോദ്യം ചെയ്യുകയും, പാർലമെന്റ് അംഗങ്ങൾ വഴി ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. കോർക്കിൽ നിന്നുള്ള പാർലമെന്റ് അംഗം മിക്ക് ബാരി ഇക്കാര്യം എത്രയും പെട്ടെന്ന് മന്ത്രി ഹെൽത്ത്കെയർ അസിസ്റ്റന്റുമാരെ പ്രതിനിധീകരിക്കുന്ന സംഘടനായ മൈഗ്രന്റ് നഴ്സസ് അയർലണ്ടുമായി ചർച്ച ചെയ്യണം എന്ന ആവശ്യം പാർലമെന്റിൽ ഉന്നയിച്ചിരുന്നു.

അതിന്റെ ഫലമായി ജനുവരി 25 വ്യാഴാഴ്ച ഉച്ചക്ക്, മന്ത്രാലയത്തിൽ നടത്തിയ മീറ്റിങ്ങിൽ മന്ത്രി നിയാൽ റിച്ച്മണ്ടും ഉന്നത ഉദ്യോഗസ്ഥരും മൈഗ്രന്റ് നഴ്സസ് അയർലണ്ട് നാഷണൽ കൺവീനർ വർഗ്ഗീസ് ജോയ്, ജോയിന്റ് കൺവീനർ ഐബി തോമസ്, ഹെൽത്ത്കെയർ അസിസ്റ്റന്റുമാരുടെ പ്രതിനിധി ഷിജി ജോസഫ് എന്നിവരുമായി ചർച്ച നടത്തി. യോഗത്തിൽ സംഘടനയുടെ ആവശ്യങ്ങളോട് അനുഭാവപൂർണ്ണമായി പ്രതികരിച്ച മന്ത്രി, ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചർച്ചകൾ നടത്തിയ ശേഷം എത്രയും പെട്ടെന്ന് താൽക്കാലികമായി മരവിച്ച ശമ്പള വർധന പുനഃസ്ഥാപിക്കാനും അതുവഴി ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് അവരുടെ കുടുംബാംഗങ്ങളെ ഇങ്ങോട്ടു കൊണ്ടുവരാനും സാധിക്കുന്ന നടപടികൾ എടുക്കാൻ തയ്യാറാണെന്ന് ഉറപ്പ് നൽകി.

ഇക്കാര്യത്തിൽ മൈഗ്രന്റ് നഴ്സസ് അയർലൻഡുമായി തുടർന്നും ചർച്ചകൾക്ക് സന്നദ്ധമാണ് എന്നും മന്ത്രി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: