ചരിത്രത്തിലാദ്യമായി വനിതാ സെവന്‍സ് റഗ്ബി ലോകകിരീടം (HSBC SVNS Series tournament) നേടി അയര്‍ലണ്ട്. പെര്‍ത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയയെ 19-14 എന്ന സ്‌കോറിന് തറപറ്റിച്ചാണ് അയര്‍ലണ്ടിന്റെ മിടുക്കികള്‍ കിരീടം ചൂടിയത്. അയര്‍ലണ്ടില്‍ നിന്നുള്ള ഒരു സെവന്‍സ് റഗ്ബി ടീം കിരീടം നേടുന്നതും ഇതാദ്യമായാണ്.
അതേസമയം രണ്ട് വര്‍ഷം മുമ്പ് സ്‌പെയിനില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ അയര്‍ലണ്ട് ഇത്തവണ കിരീടം നേടിയത് മധുരപ്രതികാരമായി. ആദ്യമായായിരുന്നു അയര്‍ലണ്ട് അത്തവണ ഫൈനലില്‍ പ്രവേശിച്ചത്.
സെമിയില്‍ ബ്രിട്ടന് മേല്‍ 31-7 എന്ന സ്‌കോറിന് സര്‍വ്വാധിപത്യം നേടിയാണ് ഐറിഷ് ടീം ഫൈനലിലേയ്ക്ക് മാര്‍ച്ച് ചെയ്തത്. മറുവശത്ത് യുഎസിനെ 24-7-ന് നിലംപരിശാക്കിയാണ് ഓസ്‌ട്രേലിയ ഫൈനലിന് എത്തിയത്.
അതേസമയം പുരുഷന്മാരുടെ റഗ്ബി ടീം നേരത്തെ ഫിജിയെ 24-7 എന്ന സ്‌കോറിന് തോല്‍പ്പിച്ച് ടൂര്‍ണ്ണമെന്റില്‍ മൂന്നാം സ്ഥാനക്കാരായിരുന്നു.
അടുത്ത ഒളിംപിക്‌സില്‍ വനിതാ ടീം ആദ്യമായി കളത്തിലിറങ്ങുമെന്നതിനാല്‍ ഈ വിജയം അയര്‍ലണ്ടിന് നല്‍കുന്ന പ്രതീക്ഷകള്‍ ഏറെയാണ്.