വിദേശ ഇന്ത്യക്കാരായ അച്ഛനോ അമ്മയോ വിദേശ പൗരത്വം സ്വീകരിച്ചാൽ കുട്ടിയുടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുമോ?

വിദേശ ഇന്ത്യക്കാരായ മാതാപിതാക്കളില്‍ ഒരാള്‍ വിദേശ പൗരത്വമെടുത്താല്‍ അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമാകുമെന്ന വാര്‍ത്ത സംബന്ധിച്ച് പ്രവാസികള്‍ക്കിടയില്‍ ആശങ്ക. ഈയിടെ ഒരു പത്രത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയതായി വ്യക്തമാക്കിക്കൊണ്ട് ഇങ്ങനെ വാര്‍ത്ത വന്നത്.

ഇന്ത്യന്‍ പൗരത്വ നിയമം (1955) 8-ആം വകുപ്പിലെ സബ് സെക്ഷന്‍ 1 പ്രകാരം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ (മാതാവോ, പിതാവോ) പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ഇന്ത്യന്‍ പൗരത്വം സ്വമേധയാ നഷ്ടപ്പെടുമെന്നാണ് പറഞ്ഞിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ആഭ്യന്തരമന്ത്രാലയം ഈ നിയമം കര്‍ശനമാക്കിയതായും, ഇത് സംബന്ധിച്ച് നോട്ടീസ് പുറത്തിറക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഥവാ കുട്ടിക്ക് ഇന്ത്യന്‍ പൗരത്വം തിരികെ വേണമെന്നുണ്ടെങ്കില്‍ പ്രായപൂര്‍ത്തിയായി ഒരു വര്‍ഷത്തിനകം നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷിച്ചാല്‍ പൗരത്വം ലഭിക്കും.

എന്നാല്‍ ഇത്തരത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്ത അയര്‍ലണ്ടിലെ വിദേശമലയാളികള്‍ അടക്കമുള്ളവരില്‍ ആശങ്കയും, ആശയക്കുഴപ്പവും സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ മാതാവോ, പിതാവോ വിദേശ പൗരത്വം സ്വീകരിച്ചാല്‍ കുട്ടിയുടെ പൗരത്വവും നഷ്ടപ്പെടുമെങ്കില്‍, പ്രായപൂര്‍ത്തിയാകുന്നത് വരെ കുട്ടിയെ ഏത് രാജ്യത്തെ പൗരന്‍ അല്ലെങ്കില്‍ പൗര ആയാണ് കണക്കാക്കപ്പെടുക എന്നതാണ് ഉയരുന്ന ചോദ്യം. അതിനാല്‍ തന്നെ ഇത്തരമൊരു നിയമം പ്രായോഗികമല്ലെന്നും അഭിപ്രായമുയരുന്നുണ്ട്.

എന്നാൽ നിലവിലെ നിയമത്തിൽ ഈ പ്രശ്നം പരിഹരിക്കാൻ വകുപ്പില്ല എന്നതാണ് സത്യം. പക്ഷേ ഇത്തരം ഒരു കേസിൽ കുട്ടിക്ക് പ്രായപൂർത്തി ആകുന്നത് വരെ ഇന്ത്യൻ പാസ്പോർട്ട് നൽകാൻ കഴിഞ്ഞ വർഷം മാർച്ചിൽ കർണ്ണാടക ഹൈക്കോടതി വിധിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ നിലവിലെ നിയമം അനുസരിച്ച് കുട്ടി ഒരു രാജ്യത്തിന്റെയും പൗരത്വം ഇല്ലാത്ത ആൾ ആകുമെന്ന സാങ്കേതിക പ്രശ് നാം കണക്കിലെടുത്താണ് വിദേശ പൗരത്വം സ്വീകരിച്ച സ്ത്രീയുടെ മകനായ ആര്യ സെൽവകുമാർ പ്രിയ എന്ന 15 കാരന് പ്രായപൂർത്തിയാകും വരെ പാസ്പോർട്ട് തിരികെ നൽകാൻ പാസ്പോർട്ട് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകിയത്. കുട്ടിയുടെ അമ്മ നിയമത്തിലെ ഈ സാങ്കേതികതയെ പറ്റി അജ്ഞയായിരുന്നു.

ഇക്കാര്യത്തിൽ ഇന്ത്യ കൂടി അംഗമായ യു.എൻ നിർദ്ദേശവും പരിഗണിക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഒരു കുട്ടിയും പൗരത്വം ഇല്ലാത്ത ആൾ ആകാതിരിക്കാനായി പ്രത്യേക പരിഗണനയും അവകാശവും ഉറപ്പാക്കണമെന്നാണ് യു.എൻ നിർദ്ദേശം.

Share this news

Leave a Reply

%d bloggers like this: