അമിതവേഗതയിൽ വാഹനം പറത്തി; അയർലണ്ടിൽ ഒരാഴ്ച്ചയ്ക്കിടെ പിടിയിലായത് 3,000 ഡ്രൈവർമാർ

സെന്റ് ബ്രിജിഡ് ദിന അവധിയോടെയെത്തിയ വാരാന്ത്യത്തില്‍ അയര്‍ലണ്ടില്‍ വേഗപരിധി ലംഘിച്ചതിന് പിടിയിലായത് 3,000 ഡ്രൈവര്‍മാര്‍. ഇതിലൊരാളാകട്ടെ 120 കി.മീ പരമാവധി വേഗത നിശ്ചയിച്ചിട്ടുള്ള റോഡിലൂടെ മണിക്കൂറില്‍ 228 കി.മീ വേഗതയിലാണ് കാറുമായി പറന്നത്. Co Louth-ലെ Drogheda-യിലുള്ള Balgatheran M1 റോഡിലായിരുന്നു സംഭവം.

ഫെബ്രുവരി 1 മുതല്‍ 6 വരെ റോഡ് സുരക്ഷയുടെ ഭാഗമായി പ്രത്യേക ഓപ്പറേഷന്‍ ഗാര്‍ഡയുടെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ രാജ്യത്ത് 11 ഗുരുതര അപകടങ്ങളാണ് ഉണ്ടായത്. 12 പേര്‍ക്ക് ഗുരുതര പരിക്കുകളും ഏറ്റു.

മദ്യം, മറ്റ് ലഹരിവസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് വാഹനമോടിച്ച 161 പേരെ ഈ ദിവസങ്ങളില്‍ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇതില്‍ 15% പേര്‍ പിടിക്കപ്പെട്ടത് രാവിലെ 6 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയിലാണ്.

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 110 പേരും പിടിയിലായി.

ലൈസന്‍സ് ഉള്ളയാളുടെ സാന്നിദ്ധ്യത്തിലല്ലാതെ വാഹനമോടിച്ച 215 ലേണര്‍ ഡ്രൈവര്‍മാരെ പിടികൂടിയതായും, 100-ലധികം വാഹനങ്ങള്‍ പിടിച്ചെടുത്തതായും ഗാര്‍ഡ അറിയിച്ചു.

ടാക്‌സ്, ഇന്‍ഷുറന്‍സ് എന്നിവ ഇല്ലാതെ ഓടിയ 420 വാഹനങ്ങളും പിടിച്ചെടുത്തു.

Share this news

Leave a Reply

%d bloggers like this: