ഐറിഷ് സർക്കാരിന്റെ മയക്കുമരുന്ന് നയം പരാജയമോ?

മയക്കുമരുന്നുകള്‍ കൈവശം വയ്ക്കുന്നതിന് പിടിക്കപ്പെട്ട് കോടതിയില്‍ ഹാജരാക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുന്നത് വഴി രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാം എന്ന നയം ഫലപ്രദമാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. നീതിന്യായവകുപ്പില്‍ നിന്നും ലഭിച്ച കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ പിടിയിലാകുന്നവരെ താക്കീത് ചെയ്ത് വിട്ടയയ്ക്കുക വഴി മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാമെന്നതാണ് സര്‍ക്കാര്‍ നിയമെങ്കിലും, ഇതിന്റെ ഫലം നേരെ വിപരീതമായി മാറി നിരോധിത ലഹരി വസ്തുക്കളുമായി പിടിയിലാകുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണ് ചെയ്യുന്നത്.

അതുപോലെ മയക്കുമരുന്നുകളുമായി പിടിയിലാകുന്ന കൗമാരക്കാരുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ദ്ധനയാണ് സംഭവിച്ചിട്ടുള്ളത്. 2017-ല്‍ ഇത്തരം 53 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2023-ല്‍ അത് 120 ആയി ഉയര്‍ന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കഞ്ചാവുമായി പിടിയിലായ 17,000-ലധികം പേര്‍ക്കെതിരെയാണ് കേസ് എടുക്കുകയോ, സമന്‍സ് അയയ്ക്കുകയോ ചെയ്തിട്ടുള്ളത്.

2020 ഡിസംബര്‍ 14 മുതലാണ് Adult Cautioning Scheme എന്നറിയപ്പെടുന്ന ഈ നയത്തില്‍ കഞ്ചാവ്, കഞ്ചാവ് റെസിന്‍ എന്നിവയും ഉള്‍പ്പെടുത്തിയത്.

ഈ ദിവസം മുതല്‍ 2024 ഫെബ്രുവരി 16 വരെ രാജ്യത്ത് 5,139 പേരെയാണ് കുറഞ്ഞ അളവില്‍ കഞ്ചാവ് കൈവശം വച്ചതിന് adult caution അഥവാ താക്കീത് നല്‍കി വിട്ടയച്ചത്. എന്നാല്‍ ഇതേ കാലയളവില്‍ 17,125 പേര്‍ക്കെതിരെയാണ് കേസ് എടുക്കല്‍, സമന്‍സ് അയയ്ക്കല്‍ എന്നീ നടപടികള്‍ കൈക്കൊണ്ടത്.

നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീയാണ് പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡിയായ ജിനോ കെന്നിയുടെ ചോദ്യത്തിന് മറുപടിയായി ഈ വിവരങ്ങള്‍ കൈമാറിയത്.

മയക്കുമരുന്ന് കൈവശം വയ്ക്കുന്ന ആളുകള്‍ക്ക് നേരെ നിയമനടപടി സ്വീകരിക്കാതിരിക്കുന്നത് അവയുടെ ഉപയോഗം കുറയ്ക്കാന്‍ സഹായകമാകുന്നില്ലെന്നാണ് ഇതിലൂടെ ലക്ഷ്യമാകുന്നതെന്ന് ടിഡി കെന്നി പറഞ്ഞു. ഡബ്ലിനില്‍ അഞ്ച് വര്‍ഷത്തിനിടെ മയക്കുമരുന്ന് കേസുകളുടെ എണ്ണം 54% വര്‍ദ്ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ഗാര്‍ഡ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനാലാണ് കേസുകള്‍ എടുക്കുന്നത് വര്‍ദ്ധിച്ചതെന്നും, മയക്കുമരുന്നിനെതിരായ പോരാട്ടം സര്‍ക്കാരിന്റെ പ്രധാന നയമാണെന്നും മന്ത്രി മക്കന്റീ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: