SAG അവാർഡുകൾ വാരിക്കൂട്ടി ഓപ്പൺ ഹൈമർ; മികച്ച നടനായി വീണ്ടും കിലിയൻ മർഫി

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമറിലൂടെ മികച്ച നടനുള്ള മറ്റൊരു അവാര്‍ഡ് കൂടി കരസ്ഥമാക്കി ഐറിഷുകാരനായ കിലിയന്‍ മര്‍ഫി. ഇത്തവണ The Screen Actors Guild Awards (SAG) പുരസ്‌കാരമാണ് നടനെ തേടിയെത്തിയിരിക്കുന്നത്.

ഹോളിവുഡില്‍ കഴിഞ്ഞ വര്‍ഷം നടന്ന എക്കാലത്തെയും നീണ്ട അഭിനേതാക്കളുടെ സമരത്തിന് ശേഷം നടക്കുന്ന അവാര്‍ഡ് ചടങ്ങ് എന്ന പ്രത്യേകത ഇത്തവണത്തെ SAG-ക്ക് ഉണ്ടായിരുന്നു. പ്രമുഖരടക്കം ഏകദേശം 120,000 അഭിനേതാക്കളാണ് സമരം നടത്തിയ യൂണിയനില്‍ അംഗങ്ങളായിട്ടുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണം ഉണ്ടാകുന്ന ജോലിനഷ്ടം തടയുക എന്ന ആവശ്യമുയര്‍ത്തിയായിരുന്നു സമരം. ഇതോടെ പല സിനിമകളുടെയും നിര്‍മ്മാണം മുടങ്ങുകയും ചെയ്തിരുന്നു.

മറ്റ് അവാര്‍ഡുകളിലെന്ന പോലെ നോളന്റെ ഓപ്പണ്‍ഹൈമര്‍ ഇവിടെയും അവാര്‍ഡുകള്‍ വാരിക്കൂട്ടുന്ന കാഴ്ചയാണ് കണ്ടത്. ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ. റോബര്‍ട്ട് ഓപ്പണ്‍ഹൈമറിനെ ചിത്രത്തില്‍ അവതരിപ്പിച്ച മര്‍ഫി മികച്ച നടനായപ്പോള്‍, അഭിനേതാക്കള്‍ മികച്ച പ്രകടനം നടത്തിയ ചിത്രത്തിനുള്ള അവാര്‍ഡും, മികച്ച സഹനടനുള്ള അവാര്‍ഡും (റോബര്‍ട്ട് ഡൗണി ജൂനിയര്‍) ഓപ്പണ്‍ഹൈമര്‍ സ്വന്തമാക്കി.

മാര്‍ട്ടിന്‍ സ്‌കോര്‍സെസി സംവിധാനം ചെയ്ത കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍മൂണിലെ പ്രകടനത്തിന് ലിലി ഗ്ലാഡ്സ്റ്റണ്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടി ഡാ വിന്‍ ജോയ് റാന്‍ഡോല്‍ഫ് ആണ് (ചിത്രം: ദി ഹോള്‍ഡോവേഴ്‌സ്).

ഓസ്‌കര്‍ അവാര്‍ഡുകളുടെ പ്രവചനം എന്ന നിലയ്ക്കാണ് The Screen Actors Guild Awards പരിഗണിക്കപ്പെടുന്നത് എന്നതിനാല്‍, ഈ വരുന്ന ഓസ്‌കറില്‍ ഓപ്പണ്‍ഹൈമര്‍ വന്‍ നേട്ടം കൊയ്യുമെന്നാണ് പ്രതീക്ഷ.

ഇക്കഴിഞ്ഞ BAFTA അവാര്‍ഡ്‌സിലും, ഗോള്‍ഡന്‍ ഗ്ലോബ്‌സിലും ഓപ്പണ്‍ഹൈമറിലെ പ്രകടനത്തിന് മികച്ച നടനായി മര്‍ഫി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: