അയർലണ്ടിൽ ജനപിന്തുണ മെച്ചപ്പെടുത്തി Sinn Fein; മാറ്റമില്ലാതെ Fine Gael

ജനപിന്തുണയില്‍ നേട്ടമുണ്ടാക്കി രാജ്യത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein. ജനുവരി മാസത്തില്‍ 25% ഉണ്ടായിരുന്ന പിന്തുണ ഇക്കഴിഞ്ഞ Business Post/ Red C Poll സര്‍വേയില്‍ 28% ആക്കിയാണ് മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പാര്‍ട്ടി മെച്ചപ്പെടുത്തിയത്. രാജ്യത്ത് നിലവില്‍ ഏറ്റവുമധികം ജനപിന്തുണയുള്ള പാര്‍ട്ടിയും Sinn Fein ആണ്.

പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്ന 18-34 പ്രായക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നതായും, തൊഴിലാളികളാണ് പിന്തുണയ്ക്കുന്നവരില്‍ ഏറെയെന്നും സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. അതേസമയം ഡബ്ലിനില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറവാണെന്നും സര്‍വേ കണ്ടെത്തി. സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരെന്നും കണ്ടെത്തിയിട്ടുണ്ട്.

ഭരണകക്ഷിയായ Fine Gael-നുള്ള പിന്തുണ ഇത്തവണയും 20% ആയി തുടരുകയാണ്. മറ്റൊരു ഭരണകക്ഷിയായ Fianna Fail-ന്റെ പിന്തുണ 1% കുറഞ്ഞ് 16% ആയി.

Social Democrats-ന്റെ പിന്തുണ 1% വര്‍ദ്ധിച്ച് 7% ആയപ്പോള്‍, ലേബര്‍ പാര്‍ട്ടി 4% എന്നതില്‍ തുടരുകയാണ്. അതേസമയം ഗ്രീന്‍ പാര്‍ട്ടിയുടെ പിന്തുണ 3% ആയി കുറഞ്ഞു. People Before Profit-നും 3% ജനങ്ങളുടെ പിന്തുണയാണുള്ളത്.

2025 മാര്‍ച്ചിലാണ് അയര്‍ലണ്ടിലെ അടുത്ത പൊതുതെരഞ്ഞെടുപ്പ്. തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഈ വര്‍ഷം ജൂണിലും നടക്കും.

Share this news

Leave a Reply

%d bloggers like this: