അയർലണ്ടിൽ ഈയാഴ്ച കഠിനമായ തണുപ്പ്; താപനില പൂജ്യത്തിലും താഴും

മഴയും, വെയിലും, മഞ്ഞും മാറിമറിഞ്ഞ കാലാവസ്ഥയ്ക്ക് ശേഷം അയര്‍ലണ്ടില്‍ ഈയാഴ്ച അനുഭവപ്പെടുക കഠിമായ തണുപ്പ്. ഒപ്പം ആലിപ്പഴം വീഴ്ചയും, ഐസ് രൂപപ്പെടലും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രാത്രിയില്‍ മൈനസ് ഡിഗ്രിയിലേയ്ക്ക് അന്തരീക്ഷ താപനില താഴുകയും ചെയ്യും.

ഇന്ന് (ചൊവ്വ) രാവിലെ മൂടല്‍മഞ്ഞിലേയ്ക്കാകും രാജ്യം ഉണരുന്നത്. പലയിടത്തും മഴയും പെയ്‌തേക്കും. ശേഷം വെയിലും, ചാറ്റല്‍ മഴയും മാറി മാറി വരും. 7 മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില.

രാത്രിയോടെ പലയിടത്തും മഞ്ഞുറയും. 0 ഡിഗ്രിക്ക് താഴെ താപനില എത്തിയേക്കാം. ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്.

ബുധനാഴ്ച കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ മാനം തെളിയും. എന്നാല്‍ പടിഞ്ഞാറന്‍, തെക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഉച്ചവരെ മഴ പെയ്‌തേക്കും. പകല്‍ 9 മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില ഉയരുക. രാത്രിയില്‍ 2 ഡിഗ്രി സെല്‍ഷ്യസിന് താഴോട്ട് പോകുകയുമില്ല.

വ്യാഴാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെങ്കിലും ചിലയിടങ്ങള്‍ മേഘാവൃതമാകും. ആലിപ്പഴവും പെയ്‌തേക്കും.

രാത്രിയില്‍ ശക്തമായ തണുപ്പമാണ് അനുഭവപ്പെടുക. പലയിടത്തും മഴയും പെയ്‌തേക്കും. മഞ്ഞുറയുന്നതിനൊപ്പം, ആലിപ്പഴം വീഴ്ചയും പ്രതീക്ഷിക്കുന്നുണ്ട്.

വാരാന്ത്യത്തിലും തണുപ്പ് തുടരുമെങ്കിലും കാര്യമായ കാറ്റുവീശല്‍ ഉണ്ടായേക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. പകല്‍ വെയിലും, രാത്രിയില്‍ മഞ്ഞുറയുന്ന കാലാവസ്ഥയുമായിരിക്കും ഉണ്ടാകുക. പകല്‍ 6 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.

Share this news

Leave a Reply

%d bloggers like this: