മാധ്യമ മന്ത്രിയും RTE ബോർഡും ഇടഞ്ഞു: പുതിയ വിവാദം എന്ത്?

ഒരിടവേളയ്ക്ക് ശേഷം ഐറിഷ് സര്‍ക്കാരിന്റെ ഒദ്യോഗിക സംപ്രേഷണനിലയമായ RTE-യില്‍ വിവാദം കൊഴുക്കുകയാണ്. Late Late Show അവതാരകനായിരുന്ന റയാന്‍ ടബ്രിഡിക്ക് അധികശമ്പളം നല്‍കിയതുമായി ബന്ധപ്പെട്ട് RTE ഡയറക്ടര്‍ ജനറലായ ഡീ ഫോര്‍ബ്‌സ് രാജിവച്ചതിനും, ടബ്രിഡി അവതാരക സ്ഥാനത്തു നിന്ന് നീക്കപ്പെടുന്നതിനുമാണ് പോയ വര്‍ഷം സാക്ഷ്യം വഹിച്ചതെങ്കില്‍ ഈയാഴ്ചത്തെ വിവാദം മാധ്യമമന്ത്രി കാതറിന്‍ മാര്‍ട്ടിനും, RTE-യും ബന്ധപ്പെട്ടാണ്.

കഴിഞ്ഞ വ്യാഴാഴ്ച RTE-യുമായി നടത്തിയ ഒരു അഭിമുഖപരിപാടിയില്‍, RTE ബോര്‍ഡ് ചെയര്‍പേഴ്‌സനായ Siún Ní Raghallaigh-യുടെ കാര്യത്തില്‍ മന്ത്രി മാര്‍ട്ടിന്‍ അവിശ്വാസം പ്രകടപ്പിച്ചതാണ് സംഭവങ്ങളുടെ തുടക്കം. മുന്‍ RTE ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായ റിച്ചാര്‍ഡ് കോളിന്‍സ് ഒക്ടോബറില്‍ സ്ഥാപനം വിടുമ്പോള്‍ നല്‍കിയ എക്‌സിറ്റ് പാക്കേജിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് Raghallaigh തന്നെ തെറ്റിദ്ധരിപ്പിച്ചു എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മണിക്കൂറുകള്‍ക്കകം Raghallaigh രാജി സമര്‍പ്പിക്കുകയും ചെയ്തു.

Raghallaigh-യോടുള്ള മന്ത്രിയുടെ സമീപനത്തില്‍ പ്രതിഷേധിച്ച്, RTE ബോര്‍ഡ് അംഗങ്ങള്‍ മുഴുവനും പിന്നാലെ രാജിവച്ചേക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ അത്തരം അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. അതേസമയം ചെയര്‍പേഴ്‌സന്റെ രാജിയില്‍ കടുത്ത നിരാശയും, കുറ്റബോധവും ബോര്‍ഡ് അംഗങ്ങള്‍ പ്രസ്താവനയില്‍ രേഖപ്പെടുത്തിയിരുന്നു.

പിന്നീട് ഞായറാഴ്ച പുറത്തുവന്ന ബിസിനസ് പോസ്റ്റ് വാര്‍ത്ത പ്രകാരം, എക്‌സിറ്റ് പാക്കേജിന്റെ കാര്യത്തില്‍ അനുമതി നല്‍കണമെന്ന് കാതറിന്‍ മാര്‍ട്ടിന്റെ ഓഫിസിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഒക്ടോബറില്‍ RTE അറിയിച്ചിരുന്നതാണെന്നും വെളിപ്പെടുത്തലുണ്ടായി. ഇതോടെ മന്ത്രിയുടെ അവിശ്വാസപ്രകനവും, RTE ബോര്‍ഡിന്റെ ഇടപെടലും വൈരുദ്ധ്യത്തിലായി.

റിച്ചാര്‍ഡ് കോളിന്‍സിന് നല്‍കിയ എക്‌സിറ്റ് പാക്കേജ് അപ്രൂവ് ചെയ്തതായി തന്റെ വകുപ്പിലെ സെക്രട്ടറി ജനറലിനെ, RTE അറിയിച്ചില്ലെന്ന് മന്ത്രി മാര്‍ട്ടിന്‍ വെള്ളിയാഴ്ച അടിവരയിട്ടു പറഞ്ഞു. എന്നാല്‍ ഇക്കാര്യം വകുപ്പിനെ ഒക്ടോബര്‍ മാസത്തില്‍ തന്നെ അറിയിച്ചിരുന്നുവെന്നാണ് Raghallaigh-ന്റെ പക്ഷം. അതിനാല്‍ത്തന്നെ ഇരുഭാഗത്ത് നിന്നും ആശയവിനിമയം നടത്തുന്നതില്‍ വീഴ്ച ഉണ്ടായോ എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

വിവാദം സംബന്ധിച്ച് കാതറിന്‍ മാര്‍ട്ടിന്‍ ഇന്ന് വൈകിട്ട് 7 മണിക്ക് പാര്‍ലമെന്റ് കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകുകയും, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയും വേണം. അതേസമയം പ്രതിപക്ഷത്ത് നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും വിമര്‍ശനം നേരിടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ കക്ഷികള്‍ മാര്‍ട്ടിന് പൂര്‍ണ്ണപിന്തുണ നല്‍കുന്നുണ്ടെന്നാണ് പബ്ലിക് എക്സ്പൻഡിച്ചർ മിനിസ്റ്റർ പാസ്കൽ ഡോണഹോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനിടെ ശമ്പളവിവാദത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ RTE-ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ഫണ്ടിങ് മോഡലില്‍ മാറ്റം വരുത്തണമെന്ന ചര്‍ച്ചയ്ക്കും ചൂടേറിയിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: