ചരിത്രത്തിലാദ്യമായി വടക്കൻ അയർലണ്ടിലെ ജൂനിയർ ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു

വടക്കന്‍ അയര്‍ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ ചരിത്രത്തിലെ ആദ്യത്തെ 24 മണിക്കൂര്‍ പണിമുടക്ക് സമരം ആരംഭിച്ചു. ഇന്ന് രാവിലെ 8 മണി മുതല്‍ ആശുപത്രികളിലെയും, ജിപി സര്‍ജറികളിലെയും നിന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്.

ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ അംഗങ്ങളായ 97.6% ജൂനിയര്‍ ഡോക്ടര്‍മാരും സമരം വേണമെന്ന നിലപാടിനെ പിന്തുണച്ചതോടെയാണ് ചരിത്രത്തിലാദ്യമായി ഡോക്ടര്‍മാര്‍ ഇത്തരമൊരു സമരം നടത്താമെന്ന തീരുമാനത്തിലേയ്ക്ക് എത്തിയത്.

കഴിഞ്ഞ 16 വര്‍ഷത്തിനിടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കുള്ള ശമ്പളം 30 ശതമാനത്തിലധികം വെട്ടിക്കുറച്ചതായി അസോസിയേഷന്‍ പറഞ്ഞു. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ മണിക്കൂറില്‍ 13 പൗണ്ടില്‍ താഴെയും, പരിചയസമ്പന്നരായവര്‍ 30 പൗണ്ടില്‍ താഴെയും ശമ്പളത്തിനാണ് നിലവില്‍ ജോലി ചെയ്യുന്നതെന്നും അവര്‍ പറയുന്നു. വടക്കന്‍ അയര്‍ലണ്ടില്‍ ഇവരുടെ നിലവിലെ കുറഞ്ഞ ശമ്പളം 26,000 പൗണ്ടുമാണ്.

കൂടുതല്‍ ശമ്പളവും, സൗകര്യങ്ങളും ലഭിക്കുന്ന മറ്റിടങ്ങളില്‍ ജോലി തേടാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുന്ന സ്ഥിതിവിശേഷമാണ് ഇവിടെ എന്നും അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നു.

അതേസമയം കുറഞ്ഞ ശമ്പളം 29,000 പൗണ്ടായി ഉയര്‍ത്താമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അത് പോരെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍. ശമ്പളവുമായി ബന്ധപ്പെട്ട് ഉദാരപൂര്‍ണ്ണമായി നടപടികളൊന്നും ആരോഗ്യവകുപ്പ് എടുക്കുന്നില്ലെന്നും അസോസിയേഷന്‍ ആരോപിക്കുന്നു.

സമരത്തിന്റെ ഭാഗമായി Altnagelvin, Craigavon, Antrim, Ulster ആശുപത്രികളില്‍ ഇന്ന് പ്രതിഷേധപ്രകടനങ്ങളും നടക്കും.

Share this news

Leave a Reply

%d bloggers like this: