അയർലണ്ടിലെ നഴ്‌സുമാർ ജോലി ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ: INMO

HSE-യിലേയ്ക്ക് പുതുതായി ജീവനക്കാരെ നിയമിക്കുന്നത് നിര്‍ത്തിവച്ചതിനെതിരെ The Irish Nurses and Midwives Organisation (INMO). കഴിഞ്ഞ വര്‍ഷമാണ് അനിശ്ചിതകാലത്തേയ്ക്ക് പുതിയ നിയമനങ്ങള്‍ വേണ്ടെന്ന് HSE തീരുമാനമെടുത്തത്.

2023-ല്‍ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തുന്ന രോഗികളുടെ എണ്ണം 13% വര്‍ദ്ധിച്ചതായി HSE ഈയിടെ സമ്മതിച്ചിരുന്നു. ഇന്നലത്തെ കണക്കനുസരിച്ച് ആശുപത്രികളില്‍ ബെഡ് ലഭിക്കാതെ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം 452 ആണ്.

നിലവിലെ അമിതമായ തിരക്ക് കാരണം രോഗികളുടെയും മറ്റും ഭാഗത്ത് നിന്നുണ്ടാകുന്ന ദേഷ്യത്തിന് പാത്രമാകുന്നത് നഴ്‌സുമാരും, മറ്റ് ആരോഗ്യപ്രവര്‍ത്തകരുമാണെന്ന് INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു. വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് അവര്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതെന്നും Sheaghdha കൂട്ടിച്ചേര്‍ത്തു.

അതേസമയം പുതിയ നിയമനങ്ങള്‍ക്കായി അനുവദിച്ച ബജറ്റ് തീര്‍ന്നതിനാലാണ് നിയമനങ്ങള്‍ നിര്‍ത്തിവച്ചതെന്നാണ് HSE അറിയിച്ചിരിക്കുന്നത്. എന്നാല്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ല എന്ന കാര്യം സര്‍ക്കാരിന് അറിയാവുന്നതാണെന്നും, അത് കണക്കാക്കി കൂടുതല്‍ ബജറ്റ് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും Phil Ní Sheaghdha വിമര്‍ശനമുന്നയിച്ചു.

വിരമിക്കുകയോ, മറ്റ് കാരണങ്ങളാല്‍ ജോലി നിര്‍ത്തുകയോ ചെയ്യുന്നവര്‍ക്ക് പകരമായി ജീവനക്കാരെ കണ്ടെത്താന്‍ HSE തയ്യാറാകുന്നില്ലെന്നും പറഞ്ഞ Sheaghdha, നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കല്‍ അല്ല ഇതിനെല്ലാമുള്ള ഉത്തരമെന്നും, അതിനാല്‍ത്തന്നെ അടിയന്തരമായി നിയമനങ്ങള്‍ പുനരാരംഭിക്കണമെന്നും വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: