ഐറിഷ് ഭരണഘടനാ ഭേദഗതി സംബന്ധിച്ച വോട്ടെടുപ്പ്; സർക്കാർ കക്ഷികൾ തോറ്റതായി സമ്മതിച്ച് മന്ത്രി ഈമൺ റയാൻ

ഐറിഷ് ഭരണഘടന ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന അഭിപ്രായവോട്ടെടുപ്പില്‍ സര്‍ക്കാര്‍ പക്ഷം തോറ്റതായി സമ്മതിച്ച് ഗ്രീന്‍ പാര്‍ട്ടി നേതാവായ ഈമണ്‍ റയാന്‍. ഫാമിലി സംബന്ധിച്ചും, കെയര്‍ സംബന്ധിച്ചുമുള്ള ഭരണഘനിയിലെ നിര്‍വ്വചനങ്ങള്‍ പുതുക്കാനായുള്ള അഭിപ്രായം ജനങ്ങളില്‍ നിന്നും സ്വീകരിക്കാനാണ് വോട്ടെടുപ്പ് നടത്തിത്. ഇതില്‍ ഫാമിലി സംബന്ധിച്ച വോട്ടെടുപ്പിന്റെ ഫലമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്.

കുടുംബം എന്നാല്‍ രണ്ട് പേര്‍ തമ്മിലുള്ള വിവാഹം മാത്രമല്ലെന്നും, ഡ്യൂറബിള്‍ റിലേഷന്‍ഷിപ്പുകളും കുടുംബം എന്ന നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശം മുന്നോട്ട് വച്ചായിരുന്നു ആദ്യ റഫറണ്ടം. എന്നാല്‍ ഇതില്‍ വോട്ട് ചെയ്ത ജനങ്ങളില്‍ 55.28% ജനങ്ങളും ‘No’ എന്ന് വോട്ട് ചെയ്തതായാണ് ഏറ്റവും പുതിയ വിവരം. ഈ നിര്‍ദ്ദേശം അംഗീകരിച്ചത്, അതായത് ഭരണഘടന ഭേദഗതി ചെയ്യാം എന്ന നിര്‍ദ്ദേശം അംഗീകരിച്ചത് 44.72% പേരാണ്.

സര്‍ക്കാര്‍ കക്ഷികള്‍ ‘Yes’ എന്ന അഭിപ്രായത്തെയായിരുന്നു പിന്തുണച്ചിരുന്നത്. അതേസമയം രാജ്യത്തെ കത്തോലിക്കാ സഭ അടക്കമുള്ളവര്‍ ‘No’ എന്ന് വോട്ട് ചെയ്യാനായിരുന്നു ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നത്.

വോട്ടിങ്ങിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പക്ഷം തോറ്റു എന്ന് സമ്മതിച്ചിരിക്കുകയാണ് ഗ്രീന്‍ പാര്‍ട്ടി നേതാവും, ഗതാഗതവകുപ്പ് മന്ത്രിയുമായ ഈമണ്‍ റയാന്‍. അതേസമയം ആദ്യ റഫറണ്ടം മാത്രമല്ലെന്നും, കെയര്‍ സംബന്ധിച്ച രണ്ടാം റഫറണ്ടത്തിലും ‘No’ എന്ന് തന്നെയാണ് ഭൂരിപക്ഷം പേരും വോട്ട് ചെയ്തിരിക്കുന്നതെന്നും റയാന്‍ പറയുന്നു. ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: