അയർലണ്ടിലെ സീറോ മലബാർ കമ്മ്യുണിറ്റിയുടെ വാർഷിക സമ്മേളനം ലൂക്കനിൽ വച്ച് കൂടുകയുണ്ടായി. വാർഷിക യോഗത്തിൽ ജോർജ് പാലിശ്ശേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും മുൻപോട്ടുള്ള സിറോ മലബാർ കമ്മ്യൂണിറ്റിയുടെ ലക്ഷ്യങ്ങളും, ആവശ്യകതകളെയും കുറിച്ച് വിവരിക്കുകയും ചെയ്തു. SMCIയുടെ ഇതുവരെ ഉള്ള പ്രവർത്തനങ്ങൾ വിലയിരുത്തി സംതൃപ്തി രേഖപ്പെടുത്തി. അയർലണ്ടിൽ സീറോ മലബാർ അംഗങ്ങൾക്ക് സേവനം ചെയ്യുവാനായി നിയോഗിച്ചിട്ടുള്ള വൈദീകരുടെയും ചില കമ്മിറ്റിക്കാരുടെയും നേതൃത്വത്തിൽ അല്മായർക്കെതിരെ നടക്കുന്ന പ്രവർത്തനങ്ങളും വിശദമായി ചർച്ചചെയ്യപ്പെട്ടു. അൽമായരുടെ വിശ്വാസത്തെ ചൂഷണം ചെയ്തു അവരെ പണമുണ്ടാക്കാനുള്ള സ്രോതസ്സ് മാത്രമായി കണ്ടുകൊണ്ടുള്ള നടപടികൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്.
കഴിഞ്ഞ രണ്ടു വർഷങ്ങളിലായി വിശ്വാസികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് വന്ന സാഹചര്യത്തിൽ അയർലണ്ടിലെ എല്ലാ മാസ്സ് സെന്ററുകളിലും സ്ത്രോത്ര കാഴ്ചകൾ കൊണ്ട് തന്നെ എല്ലാ ചെലവുകളും കഴിഞ്ഞു പണം ബാക്കിവരുന്നുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഡബ്ലിനിലെ മാത്രമല്ല അയർലണ്ടിലെ എല്ലാ മാസ്സ് സെന്ററുകളിലും പതിനായിരം യൂറോയിൽ കൂടുതൽ തുക ബാലൻസ് ഉണ്ട്. ഇക്കാര്യം ജനങ്ങളിൽ നിന്നും മറച്ചു വച്ചുകൊണ്ടും അൽമായരുടെ അഭിപ്രായം പരിഗണിക്കാതെയും കുടുംബയൂണിറ്റുകളിലും കമ്മിറ്റികളിലും വേണ്ടത്ര ചർച്ച ചെയ്യാതെയും നിർബന്ധിത വാർഷിക പിരിവ് ഉയർത്തുന്നത് അന്യായമാണെന്നും അതിനെതിരെ അയർലണ്ടിലെ പ്രവാസികളായ മുഴുവൻ വിശ്വാസികളും പ്രതികരിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.
ഡബ്ലിനിൽ പൊതു നേർച്ചപണം എടുത്ത് നാഷണൽ കോർഡിനേറ്റർക്ക് പുതിയ കാർ വാങ്ങിയത് വിശ്വാസികളുടെ പണത്തിന്റെ ദുരുപയോഗവും സാമ്പത്തിക അഴിമതിയുമാണ്. വിശ്വാസികളുടെ കയ്യിൽ നിന്നും പിരിച്ചെടുക്കുന്ന പണത്തിന്റെ കണക്ക് സുതാര്യമായി അവതരിപ്പിക്കാതെ വീണ്ടും പിരിക്കാനുള്ള നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അതിനാൽ വാർഷിക പിരിവു നിർത്തലാക്കണമെന്ന് സീറോ മലബാർ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കോട്ടിലിനോട് യോഗം അഭ്യർത്ഥിച്ചു. അനിയന്ത്രിതമായ വീട്ടുവാടകയും സാധനങ്ങളുടെ വിലക്കയറ്റവും മൂലം ജനങ്ങൾ വലയുന്ന സാഹചര്യത്തിൽ വാർഷിക പിരിവിൽ നിന്നും അൽമായർ വിട്ടു നിൽക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അയർലണ്ടിന്റെ വിവിധ സ്ഥലങ്ങളിൽ വൈദീകരുടെ നേതൃത്വത്തിൽ നടക്കുന്ന സഭാവിരുദ്ധ പ്രവർത്തനങ്ങൾ യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ചു. അൽമായരെ ഭിന്നിപ്പിച്ചു ഭരിക്കാൻ വൈദീകർ തന്നെ നേതൃത്വം കൊടുക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നു യോഗം അഭിപ്രായപ്പെട്ടു. ഫിബ്സ്ബോറോയിൽ അകാരണമായി അംഗങ്ങളെ പുറത്താക്കുകയും കമ്മിറ്റിക്കാരുടെ നേതൃത്വത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ തേജോവധം ചെയ്തത്, ബ്ലാഞ്ചാർഡ്‌സ്‌ടൗണിൽ ഒരു സെക്രട്ടറിയെ യാതൊരറിയിപ്പും കൂടാതെ പുറത്താക്കിയത്, ബ്ലാക്‌റോക്കിൽ തെരഞ്ഞെടുക്കപ്പെട്ടയാൾക്ക് കൈക്കാരന് സ്ഥാനം കൊടുക്കാതെ നോമിനിയെ വച്ചുകൊണ്ടിരിക്കുന്നത് തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ചു.
ദ്രോഗടയിൽ സീറോ മലബാർ നാഷണൽ കോർഡിനേറ്ററുടെ അധ്യക്ഷതയിൽ ചേർന്നെടുത്ത തീരുമാനത്തിനെതിരായി അവിടുത്തെ വൈദികൻ ദ്രോഗീട കത്തോലിക്ക കമ്മ്യൂണിറ്റിയെ പിരിച്ചു വിട്ട് adhoc കമ്മിറ്റി രൂപീകരിച്ച നടപടിയെ വിഭാഗീയ പ്രവർത്തനമായി മാത്രമേ കാണാനാകൂവെന്നും യോഗം വിലയിരുത്തി. പ്രവർത്തന റിപ്പോർട്ട് ഐക്യകണ്ഠേന അംഗീകരിച്ചു. അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളായി ജോർജ് പാലിശ്ശേരി (പ്രസിഡന്റ്), ബോബൻ ജേക്കബ് (സെക്രട്ടറി), ലൈജു ജോസ് (ട്രെഷറർ), ബിജു സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ), സന്തോഷ് കാരിച്ചാൽ (പി ർ ഒ) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സാജു ചിറയത്ത്, ബിനു തോമസ്, ജെറിൻ ജോയ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
പുരോഹിതരെ അന്ധമായി പിന്തുണക്കുന്നവരെ മാത്രം ഉൾപ്പെടുത്തുകയും സഭയുടെ അപജയങ്ങളിൽ ശബ്ദമുയർത്തുന്നവരെ കമ്മിറ്റികളിൽ നിന്നോ സഭാകൂട്ടായ്മകളിൽ നിന്നുതന്നെയോ ഒഴിവാക്കുന്ന പ്രവണത കൂടുന്നത് നല്ല കീഴ്‌വഴക്കമല്ലെന്നും ഔദ്യോഗികമായി അയർലണ്ടിൽ സഭ സ്ഥാപിക്കപ്പെട്ടാൽ എങ്ങനെയായിരിക്കും പുരോഹിതർ അൽമയരോട് പെരുമാറുക എന്നതിന്റെ വ്യക്തമായ സൂചനയാണെന്നും യോഗം വിലയിരുത്തി. അതുകൊണ്ടുതന്നെ സത്യസന്ധമായി വിമർശനങ്ങൾ ഉന്നയിക്കുന്നവരെ കമ്മിറ്റികളിൽനിന്നും ഒഴിവാക്കുന്നത് നിർത്തണമെന്നു നാഷണൽ കോർഡിനേറ്ററോട് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള വേദി നല്കാൻ സീറോ മലബാർ കമ്മ്യുണിറ്റി അയർലൻഡ് പ്രതിജ്ഞാബദ്ധമാണെന്നും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പുരോഹിതരായിരിക്കും ഉത്തരവാദികളെന്നും യോഗം മുന്നറിയിപ്പ് നൽകി.
വിമർശനങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തനങ്ങൾ വിലയിരുത്തി സഭയിൽ അൽമായരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും യോഗം ഉറപ്പുനൽകി. SMCIക്ക് വിശ്വാസികൾ നൽകുന്ന പിന്തുണയ്ക്ക് നന്ദി പറയുകയും മുന്നോട്ട് ഒരുമിച്ചുചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നവരെല്ലാം മുന്നോട്ടു വരണമെന്നും പ്രസിഡന്റ് ജോർജ്ജ് പാലിശ്ശേരി അഭ്യർത്ഥിച്ചു.