തോമസ് ചാഴിക്കാടൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ കാവലാൾ: അഡ്വ. അലക്സ് കോഴിമല

ഡബ്ലിൻ: കേരള പ്രവാസി കോൺഗ്രസ്‌ (എം) അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ തോമസ് ചാഴികാടന്റെയും മറ്റ് ഇടതുപക്ഷ സ്ഥാനാർഥികളുടെയും വിജയത്തിനായി പ്രചരണം ആരംഭിച്ചു. താലയിൽ അലക്സ് വട്ടുകളത്തിലിന്റെ ഭവനത്തിൽ, പ്രസിഡണ്ട്‌ രാജു കുന്നക്കാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം കേരള കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും ഐ റ്റി വിംഗ് ഡയറക്ടറുമായ അഡ്വ. അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. മൂല്യാധിഷ്ഠിത രാഷ്രീയത്തിന്റെ കാവലാളായ ചാഴികാടൻ കോട്ടയത്തിന്റെ രാഷ്ട്രീയ ഭൂമികയിലെ നന്മമരമാണെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യ പ്രഭാഷണം നടത്തിയ ബേബിച്ചൻ മാണിപറമ്പിൽ (പയ്യന്നൂർ) കേരള കോൺഗ്രസ്‌ പാർട്ടി, അധ്വാനവർഗ്ഗ ജനവിഭാഗങ്ങൾക്ക് വേണ്ടി നടത്തുന്ന പോരാട്ടങ്ങൾ എണ്ണിപറഞ്ഞു. ചാഴികാടന്റെയും മറ്റ് ഇടതു ജനാധിപത്യമുന്നണി സ്ഥാനാർഥികളുടെയും വിജയം, വർഗീയതക്കെതിരെയുള്ള വിജയമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിലുള്ള ബന്ധുജനങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവരോട് വോട്ട് കാമ്പയിൻ നടത്തുവാൻ സമ്മേളനം തീരുമാനിച്ചു.

സെക്രട്ടറി ജോർജ് കൊല്ലംപറമ്പിൽ സ്വാഗതവും, വൈസ് പ്രസിഡണ്ട്‌ റ്റോം വാണിയപ്പുരക്കൽ നന്ദിയും പറഞ്ഞു. സെക്രട്ടറി പ്രിൻസ് വിലങ്ങുപാറ, സാജുമോൻ ജോസ്, തോമസ് ചേപ്പുമ്പാറ, ജസ്റ്റിൻ, ചാക്കോച്ചൻ, രശ്മി, ബിജി എന്നിവർ നേതൃത്വം നൽകി.

Share this news

Leave a Reply

%d bloggers like this: