അയർലണ്ടിന്റെ അടുത്ത പ്രധാനമന്ത്രിയായി ഉയർന്ന് കേൾക്കുന്നത് സൈമൺ ഹാരിസിന്റെ പേര്; ആരാണ് ഹാരിസ്?

പ്രധാനമന്ത്രി പദത്തില്‍ നിന്നും, Fine Gael പാര്‍ട്ടി നേതൃസ്ഥാനത്തു നിന്നും ലിയോ വരദ്കര്‍ രാജിവച്ചതോടെ അടുത്ത പാര്‍ട്ടി നേതാവിനും, പ്രധാനമന്ത്രിക്കുമായുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുകയാണ്. നിരവധി ചര്‍ച്ചകള്‍ക്കും, ഊഹാപോഹങ്ങള്‍ക്കും ശേഷം ഇപ്പോഴിതാ, പാര്‍ട്ടി നേതാവും, പിന്നാലെ പ്രധാനമന്ത്രിയുമായി നിലവിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ സൈമണ്‍ ഹാരിസ് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഏപ്രിലില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ Fine Gael നേതൃസ്ഥാനത്തേയ്ക്ക് താന്‍ മത്സരിക്കുമെന്ന് ഹാരിസ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

സര്‍ക്കാരിലെ മന്ത്രിമാര്‍, TD-മാര്‍ എന്നിവരെല്ലാം പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചതോടെ അദ്ദേഹം മുക്തകണ്‌ഠേന Fine Gael നേതാവും, പിന്നാലെ പ്രധാനമന്ത്രിയായും തെരഞ്ഞെടുക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി നേതൃസ്ഥാനത്തേയ്ക്കും, പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കും വന്നേക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്ന പൊതുധനവിനിയോഗവകുപ്പ് മന്ത്രി പാസ്‌കല്‍ ഡോണഹോ, നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ, സാമൂഹികസുരക്ഷാവകുപ്പ് മന്ത്രി ഹെലന്‍ ഹംഫ്രിസ്, വ്യാവസായികവകുപ്പ് മന്ത്രിയും, Fine Gael ഡെപ്യൂട്ടി ലീഡറുമായ സൈമണ്‍ കോവിനീ എന്നിവരെല്ലാം തന്നെ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയതോടെ ഏവരുടെയും ശ്രദ്ധ സൈമണ്‍ ഹാരിസിലേയ്ക്ക് മാത്രമായി ഒതുങ്ങി. ഇതില്‍ ഹംഫ്രിസും, മക്കന്റീയും ഹാരിസിന് പരസ്യപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം തനിക്ക് പിന്തുണയറിയിച്ച എല്ലാവര്‍ക്കും സൈമണ്‍ ഹാരിസ് നന്ദി പ്രകടിപ്പിച്ചു. Fine Gael നേതാവായി തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം താന്‍ രാപകല്‍ കഠിനാധ്വാനം ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം, സ്ഥാനമൊഴിയുന്ന ലിയോ വരദ്കറിന് കൃതജ്ഞത അറിയിക്കുകയും ചെയ്തു. ബ്രെക്‌സിറ്റ്, കോവിഡ്, ജീവിതച്ചെലവ് ഉയരല്‍ മുതലായ വെല്ലുവിളികള്‍ക്കിടയിലൂടെ പാര്‍ട്ടിയെയും, രാജ്യത്തെയും മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിനായെന്ന് ഹാരിസ് പറഞ്ഞു.

അതേസമയം തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം രാജ്യചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകും 37-കാരനായ ഹാരിസ്. കൗണ്ടി വിക്ക്‌ലോയിലെ Greystones സ്വദേശിയായ അദ്ദേഹം 2011-ലാണ് ആദ്യം TD-യായി തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ TD-യുമായിരുന്നു അന്ന് അദ്ദേഹം.

2014 മുതല്‍ ധനകാര്യവകുപ്പ് സഹമന്ത്രിയായി സേവനമനുഷ്ഠിച്ച ഹാരിസ്, 2016-ല്‍ Fine Gael-ന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ന്യൂനപക്ഷ സര്‍ക്കാരില്‍ ആരോഗ്യവകുപ്പ് മന്ത്രിയുമായി. നിലവിലെ സര്‍ക്കാരില്‍ ഉന്നതവിദ്യാഭ്യാസമന്ത്രിയാണ് ഹാരിസ്. നഴ്‌സായ Caoimhe Wade ആണ് അദ്ദേഹത്തിന്റെ ഭാര്യ. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്.

Fine Gael, Fianna Fail, Green Party എന്നിവര്‍ നേതൃത്വം നല്‍കുന്ന സഖ്യസര്‍ക്കാരാണ് നിലവില്‍ രാജ്യം ഭരിക്കുന്നത്. സഖ്യസര്‍ക്കാര്‍ ആണെന്നതിനാല്‍ത്തന്നെ ഏറ്റവും കൂടുതല്‍ TD-മാരുള്ള Fine Gael- Fianna Fail പാര്‍ട്ടികള്‍ പ്രധാനമന്ത്രി പദം പങ്കുവയ്ക്കണം എന്ന ധാരണയിലാണ് ആദ്യം Fine Gael-ന്റെ ലിയോ വരദ്കറും, പിന്നീട് Fianna Fail-ന്റെ മീഹോള്‍ മാര്‍ട്ടിനും പ്രധാനമന്ത്രിമാരായത്. ശേഷം റൊട്ടേഷനില്‍ വരദ്കര്‍ വീണ്ടും പ്രധാനമന്ത്രിയായി. എന്നാല്‍ അദ്ദേഹം രാജി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് Fine Gael-ല്‍ നിന്നു തന്നെ അടുത്ത പ്രധാനമന്ത്രിയെ കണ്ടെത്തേണ്ട സാഹചര്യം ഉരുത്തിരിഞ്ഞതോടെയാണ് ഹാരിസ് നേതൃനിരയിലേയ്ക്ക് ഉയര്‍ന്നത്.

Share this news

Leave a Reply

%d bloggers like this: