ലഭ്യത കുറഞ്ഞു, വില ഉയർന്നു; അയർലണ്ടിൽ ഒരു വീടിനായി മുടക്കേണ്ടത്…

ആവശ്യത്തിന് വീടുകളുടെ ദൗര്‍ലഭ്യം തുടരുന്ന അയര്‍ലണ്ടില്‍ ഭവനവില കുതിച്ചുയരുന്നു. 2024-ലെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കെടുക്കുമ്പോള്‍ ഒരു ശരാശരി വീടിന് (ത്രീ ബെഡ്, സെമി ഡിറ്റാച്ചഡ്) 1.3% വില വര്‍ദ്ധിച്ച് ശരാശരി 308,235 യൂറോ ആയിട്ടുണ്ടെന്നാണ് REA Average House Price Index വ്യക്തമാക്കുന്നത്.

വര്‍ക്ക് ഫ്രം ഹോം, ഹൈബ്രിഡ് വര്‍ക്കിങ് എന്നിവ കൂടുതല്‍ പ്രചാരത്തിലായതോടെ, ഭവനവില കൂടുതലുള്ള ഡബ്ലിനില്‍ നിന്നും ആളുകള്‍ മറ്റ് കൗണ്ടികളില്‍ വീട് വാങ്ങുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആ കൗണ്ടികളില്‍ ഭവനവില ഉയരാന്‍ കാരണമായിരിക്കുകയാണ്. 12 ആഴ്ചയ്ക്കിടെ ടിപ്പററി, കാവന്‍, കില്‍ക്കെന്നി എന്നിവിടങ്ങളില്‍ യഥാക്രമം 3.8%, 2.8%, 2.7% എന്നിങ്ങനെയാണ് വീടുകള്‍ക്ക് വില വര്‍ദ്ധിച്ചത്. കില്‍ഡെയറില്‍ 1.3% ആണ് വര്‍ദ്ധന.

കൗണ്ടികളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും കൂടുതല്‍ വില വര്‍ദ്ധന ലോങ്‌ഫോര്‍ഡിലാണ്. ഇവിടെ 4.4% വില വര്‍ദ്ധിച്ച് ശരാശരി വീടിന് ശരാശരി 181,700 യൂറോ ആയിട്ടുണ്ട്.

നഗരങ്ങളില്‍ ഡബ്ലിന് പുറത്ത് ഗോള്‍വേ സിറ്റി (2.4%), ലിമറിക്ക് സിറ്റി (1.7%) എന്നിവിടങ്ങളിലും വില വര്‍ദ്ധിച്ചു.

ഡബ്ലിന്‍ നഗരത്തില്‍ മറ്റ് പല സ്ഥലങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോള്‍ വില വര്‍ദ്ധനാ നിരക്ക് കുറവാണ്- 1.1%. പക്ഷേ ഇവിടെ ഒരു ശരാശരി വീട് വാങ്ങാന്‍ നല്‍കേണ്ടത് 517,333 യൂറോ ആണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തെ ഭവന ലഭ്യത നിലവില്‍ ഏറ്റവും കുറഞ്ഞ സാഹചര്യമാണുള്ളതെന്നും REA Average House Price Index റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: