അയർലണ്ടിൽ 4 പേർക്ക് കൂടി മീസിൽസ്; നിങ്ങൾ വാക്സിൻ എടുത്തോ?

അയര്‍ലണ്ടില്‍ നാല് പേര്‍ക്ക് കൂടി മീസില്‍സ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഒമ്പത് ആയി. ഇതിന് പുറമെ 10 പേരെ നിരീക്ഷിച്ചുവരികയാണെന്നും Health Protection Surveillance Centre (HPSC) അറിയിച്ചു. മീസില്‍സ് സംശയിക്കപ്പെടുകയാണെങ്കില്‍ ലാബ് ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മീസില്‍സിന് കഴിയുമെന്നതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മീസില്‍സിനെ ചെറുക്കാന്‍ രോഗം വരാതെ തടയുന്ന എംഎംആര്‍ വാക്‌സിനാണ് ഏറ്റവും ഫലപ്രദം. വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ കുത്തിവെപ്പ് എടുക്കാന്‍ തയ്യാറാകണം.

ഒരു വയസിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവരില്‍ മീസില്‍സ് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മീസില്‍സ് ബാധിച്ചു കഴിഞ്ഞാല്‍ ഏകദേശം അടുത്ത 10 ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. യു.കെ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മീസില്‍സ് പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മീസില്‍സ് രോഗലക്ഷണങ്ങള്‍

ജലദോഷം, മൂക്കൊലിപ്പ്, തുമ്മല്‍, ചുമ

കണ്ണുകള്‍ ചുവന്ന നിറമാകുക

38 ഡിഗ്രി സെല്‍ഷ്യസോ, അതിന് മുകളിലോ ഉള്ള പനി

ആദ്യം തലയിലും, കഴുത്തിലും, പിന്നീട് ശരീരം മുഴുനും ബാധിക്കുന്ന ചുവന്ന പാടുകള്‍

ഏഴ് മുതല്‍ 10 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക. ഓര്‍ക്കുക- പ്രതിരോധമാണ് പ്രധാനം, അതിനാല്‍ വാക്‌സിനെടുത്ത് സുരക്ഷിതരാകുക.

Share this news

Leave a Reply

%d bloggers like this: