ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് യൂണിയന്റെ (INMO) നേതൃത്വത്തിലേക്ക് മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രതിനിധികൾ: എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം 

അയർലണ്ടിലെ നഴ്സുമാരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ ആയ INMOയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ട് പിന്തുണച്ച നാല് ഇൻഡ്യാക്കാർ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സംഘടനയുടെ ദേശീയ കൺവീനർ വർഗ്ഗീസ് ജോയിയും മാറ്റർ പബ്ലിക് ഹോസ്പിറ്റൽ പ്രതിനിധിയായ ട്രീസ്സ പി ദേവസ്സ്യയും മാനേജ്‌മന്റ് സീറ്റുകളിലേക്കും സംഘടനയുടെ വാട്ടർഫോർഡ് പ്രതിനിധിയായ ശ്യാം കൃഷ്ണൻ ക്ലിനിക്കൽ സീറ്റിലേക്കും ആണ് വിജയിച്ചത്. ഇതുകൂടാതെ മൈഗ്രന്റ് നഴ്സസ് അയർലണ്ട് പിന്തുണച്ച ജിബിൻ മറ്റത്തിൽ സോമനും ക്ലിനിക്കൽ സീറ്റിലേക്ക് വിജയിച്ചു.

അയർലണ്ടിലെ ഏകദേശം അമ്പതിനായിരത്തോളം നഴ്സുമാർക്കിടയിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിലാണ് സംഘടന പിന്തുണച്ചവർ വിജയിച്ചത്. രണ്ടു വർഷത്തേക്കാണ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ കാലാവധി. INMOയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് ആദ്യമായിട്ടാണ് ഇന്ത്യൻ വംശജർ  തിരഞ്ഞെടുക്കപ്പെടുന്നത്. എക്സിക്യൂട്ടീവ് കൗണ്സിലിലാണ് സംഘടനയുടെ പോളിസികളും നിർണ്ണായക തീരുമാനങ്ങളും രൂപപ്പെടുന്നത്.

നിലവിൽ INMOയുമായി ഒരു എഴുതപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിൽ സഹകരിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് മൈഗ്രന്റ് നഴ്സസ് അയർലണ്ട്. എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് പ്രതിനിധികൾ വരുന്നതോടു കൂടി ഈ സഹകരണം കൂടുതൽ ഫലപ്രദമാക്കാനും പ്രവാസികൾക്കടക്കം എല്ലാ നഴ്‌സുമാർക്കും പ്രയോജനപ്രദമാകുന്ന നിലപാടുകൾ എടുക്കാനും കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പ്രസ്താവിച്ചു.

Share this news

Leave a Reply

%d bloggers like this: