അയർലണ്ടിലെ കാർ വിപണി 8% വളർച്ച കൈവരിച്ചു; പക്ഷേ ഇവി വിൽപ്പന താഴോട്ട്

അയര്‍ലണ്ടിലെ കാര്‍ വിപണി മുന്‍ വര്‍ഷത്തെക്കാള്‍ 8% വളര്‍ച്ച നേടിയതായി റിപ്പോര്‍ട്ട്. അതേസമയം 2023-ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 2024-ലെ ആദ്യ പാദത്തില്‍ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന 14.2% ഇടിഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2024 മാര്‍ച്ച് അവസാനം വരെ രാജ്യത്ത് 62,807 കാറുകളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. മുന്‍ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 58,151 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 9,297 ഇവി കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍, ഇത്തവണ അത് 7,971 ആയി കുറഞ്ഞു.

ഇവികളുടെ വില്‍പ്പന കുറഞ്ഞപ്പോള്‍ പെട്രോള്‍ കാറുകളുടെ വില്‍പ്പന 14.8 ശതമാനവും, റെഗുലര്‍ ഹൈബ്രിഡുകളുടേത് 19.5 ശതമാനവും, പെട്രോള്‍/ പ്ലഗ്-ഇന്‍ ഹൈബ്രിഡ് (PHEV) കാറുകളുടെ വില്‍പ്പന 10.7 ശതമാനവും വര്‍ദ്ധിച്ചു. ഡീസല്‍ കാറുകളുടെ വില്‍പ്പനയും 9% വര്‍ദ്ധന രേഖപ്പെടുത്തി.

ഈ വര്‍ഷം പുതുതായി രജിസ്റ്റര്‍ ചെയ്ത കാറുകളില്‍ 33.4% പെട്രോള്‍, 23% ഡീസല്‍, 22.77% ഹൈബ്രിഡ്, 12.7% ഇവി, 8.1% PHEV എന്നാണ് കണക്ക്.

ഇലക്ട്രിക് കാറുകളിലേയ്ക്ക് പൂര്‍ണ്ണമായും മാറാന്‍ സമയമെടുക്കും എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇവികള്‍ക്കുള്ള ഇന്‍സന്റീവുകള്‍ വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ ചാര്‍ജ്ജിങ് സൗകര്യങ്ങള്‍ ലഭ്യമാക്കുക മുതലായവയും, കാര്‍ നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ ലഭ്യമാക്കലും ഇവി വിപണിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Share this news

Leave a Reply