അയർലണ്ടിൽ റോഡപകട മരണങ്ങൾ കുത്തനെ ഉയർന്നു; അഞ്ച് ദിവസത്തിനിടെ അമിതവേഗതയ്ക്ക് പിടിക്കപ്പെട്ടത് 2,600 പേർ!

അയര്‍ലണ്ടില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഏപ്രില്‍ 2 വരെയുള്ള കണക്കുകളനുസരിച്ച് ഈ വര്‍ഷം 58 ജീവനുകളാണ് രാജ്യത്തെ റോഡുകളില്‍ നഷ്ടപ്പെട്ടത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 16 പേരാണ് കൂടുതലായി മരിച്ചത്- വര്‍ദ്ധന 38%.

റോഡപകടമരണങ്ങള്‍ വര്‍ദ്ധിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളും, പഠനങ്ങളും പുറത്തുവരികയും, ബോധവല്‍ക്കരണം നടക്കുകയും ചെയ്യുന്നുണ്ടെങ്കിലും മരണങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അയര്‍ലണ്ടിലെ റോഡുകളില്‍ ഡ്രൈവര്‍മാര്‍ വേഗപരിധി പാലിക്കുന്നില്ലെന്ന് ഈയിടെ പുറത്തുവിന്ന ഒരു ഇയു റിപ്പോര്‍ട്ട് വ്യക്തമാക്കിയതും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം.

അതേസമയം ഈ ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ ഗാര്‍ഡ നടത്തിയ പരിശോധനകളില്‍ അമിതവേഗതയില്‍ വാഹനമോടിച്ചത് പിടിയിലായത് 2,630-ലധികം പേരാണ്. തുടര്‍ച്ചയായി ബോധവല്‍ക്കരണം നടത്തിയിട്ടും റോഡില്‍ വെറിപിടിച്ച് പായാന്‍ വെമ്പുകയാണ് അയര്‍ലണ്ടുകാര്‍ എന്നു തന്നെയാണ് ഇതിനര്‍ത്ഥം.

ഈ അഞ്ച് ദിവസങ്ങളില്‍ 177 പേരെ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിനും അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. 220 പേര്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും, 77 പേര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിനും പിടിക്കപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: