അയർലണ്ടിലെ ആദ്യ മുഴുവൻ ഇലക്ട്രിക്ക് ബസ് സർവീസ് നഗരമായി മാറാൻ ലിമറിക്ക്

അയര്‍ലണ്ടിലെ ആദ്യ മുഴുവന്‍ ഇലക്ട്രിക് ബസ് സര്‍വീസ് ഉള്ള നഗരമായി മാറാന്‍ ലിമറിക്ക്. 55 ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകളാണ് നഗരത്തില്‍ സര്‍വീസ് നടത്തുകയെന്ന് സര്‍ക്കാര്‍ ബസ് സര്‍വീസ് കമ്പനിയായ Bus Éireann അറിയിച്ചു.

നിലവില്‍ 34 ഇലക്ട്രിക് ബസുകള്‍ ലിമറിക്കില്‍ സര്‍വീസ് നടത്തുന്നുണ്ട്. 2025 ആദ്യത്തോടെ 21 പുതിയ ബസുകള്‍ കൂടി ഇതിനോടൊപ്പം ചേരും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗതാഗതമന്ത്രി ഈമണ്‍ റയാന്‍ ലിമറിക്കിലെ Colbert Station-ല്‍ വെള്ളിയാഴ്ച നിര്‍വ്വഹിച്ചു.

ബസുകള്‍ ചാര്‍ജ്ജ് ചെയ്യാനായി Roxboro-ലെ ഡിപ്പോയില്‍ 35 ചാര്‍ജ്ജിങ് സ്‌റ്റേഷനുകളും സ്ഥാപിക്കും. National Transport Authority (NTA)-യുടെ 54 മില്യണ്‍ പദ്ധതിയുടെ ഭാഗമായാണ് നടപടി.

ഒരോ വര്‍ഷവും ലിമറിക്കില്‍ ബസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നതായി NTA ഈയിടെ വ്യക്തമാക്കിയിരുന്നു. 2023-ല്‍ Bus Éireann നടത്തിയ 44 മില്യണ്‍ സര്‍വീസുകളില്‍ 4.6 മില്യണ്‍ ലിമറിക്കിലായിരുന്നു. 2022-നെക്കാള്‍ 15% അധികമാണിത്.

പുതിയ ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഡ്രൈവര്‍മാര്‍ക്കും, മെക്കാനിക്കുകള്‍ക്കും 500 മണിക്കൂര്‍ പരിശീലനം നല്‍കിയതായി Bus Éireann അറിയിച്ചു.

അയര്‍ലണ്ടിലെ ആദ്യ മുഴുവന്‍ ഇലക്ട്രിക് ബസ് ടൗണ്‍ സര്‍വീസ് ആരംഭിച്ചത് 2023 ജനുവരിയില്‍ അത്‌ലോണിലാണ്.

Share this news

Leave a Reply

%d bloggers like this: