അയർലണ്ടിലെ എല്ലാ ഗാർഡ ഉദ്യോഗസ്ഥർക്കും ഇനി 30 മിനിറ്റ് നിർബന്ധിത റോഡ് സുരക്ഷാ ഡ്യൂട്ടി

അയര്‍ലണ്ടില്‍ റോഡപകട മരണങ്ങള്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി ഗാര്‍ഡ. യൂണിഫോമിലെത്തുന്ന എല്ലാ ഗാര്‍ഡ ഉദ്യോഗസ്ഥരും ഇനിമുതല്‍ നിര്‍ബന്ധമായും ദിവസവും 30 മിനിറ്റ് റോഡ് സുരക്ഷാ ഡ്യൂട്ടി ചെയ്യണമെന്ന് ഗാര്‍ഡ കമ്മിഷണര്‍ ഡ്രൂ ഹാരിസ് നിര്‍ദ്ദേശം നല്‍കി. തങ്ങളുടെ ഓരോ ഷിഫ്റ്റിലും 30 മിനിറ്റ് ഇതിനായി നീക്കി വയ്ക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം.

ഇതിന് പുറമെ ഗാര്‍ഡ റോഡ് പൊലീസിങ് വിഭാഗത്തിലേയ്ക്ക് ഈ വര്‍ഷം അവസാനത്തോടെ 75 പേരെ കൂടി ചേര്‍ക്കും.

ഈ വര്‍ഷം ഇതുവരെ 63 പേരാണ് അയര്‍ലണ്ടില്‍ റോഡപകടങ്ങളില്‍ മരിച്ചത്. 2023-ലെ ഇതേ കാലയളവിനെക്കാള്‍ 15 പേര്‍ അധികമാണിത്.

ശക്തമായ നിയമപരിപലനമാണ് ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗ്ഗമെന്ന് പറഞ്ഞ റോഡ് സുരക്ഷാ വകുപ്പ്, ഗാര്‍ഡയുടെ പുതിയ നടപടിയെ സ്വാഗതം ചെയ്തു. ഇത് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമെന്നും വകുപ്പ് മേധാവി ലിസ് ഒ’ഡോണല്‍ കൂട്ടിച്ചേര്‍ത്തു.

2020-ന് ശേഷം അയര്‍ലണ്ടിലെ റോഡുകളില്‍ അമിതവേഗതയില്‍ വാഹനമോടിക്കുന്നത് വര്‍ദ്ധിച്ചതായി ഈയിടെ പുറത്തുവിന്ന ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതിന് കുഴപ്പമില്ല എന്ന തരത്തിലുള്ള ഒരു മനോഭാവവും കോവിഡിന് ശേഷം രൂപപ്പെട്ടിട്ടുണ്ട്- ഒ’ഡോണല്‍ പറഞ്ഞു. ഇക്കാര്യം വരുന്ന തിങ്കളാഴ്ച പ്രധാനമന്ത്രി സൈമണ്‍ ഹാരിസുമായും, മറ്റ് മുതിര്‍ന്ന മന്ത്രിമാരുമായും ചര്‍ച്ച ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: