അയർലണ്ടിൽ അമിത വേഗത്തിൽ വാഹനമോടിക്കുന്നവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യണം: ഗാർഡ കമ്മീഷണർ

അയർലണ്ടിൽ വേഗ പരിധിക്കും വളരെ മുകളിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് പിഴ മാത്രം ശിക്ഷയായി നൽകിയാൽ പോരെന്നും, അവരെ വാഹനം ഓടിക്കുന്നതിൽ നിന്നും താൽക്കാലികമായി വിലക്കണം എന്നും ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ്. രാജ്യത്തെ റോഡപകട മരണങ്ങൾ കുതിച്ചുയർന്ന സാഹചര്യത്തിൽ ഗാർഡ സ്വീകരിച്ച നടപടികൾ പോലീസിംഗ് അതോറിറ്റിക്ക് മുന്നിൽ വിശദീകരിക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഈയിടെ നടത്തിയ വേഗ പരിശോധനകളിൽ പലരും അനുവദനീയമായതിലും ഇരട്ടിയോളം വേഗത്തിൽ വാഹനം ഓടിച്ചതായി കണ്ടെത്തിയിരുന്നു.

അതേസമയം ഏപ്രിൽ 12 മുതൽ എല്ലാ ഗാർഡ ഉദ്യോഗസ്ഥരും 30 മിനിറ്റ് നിർബന്ധമായും ട്രാഫിക് പരിശോധനകൾ നടത്തണം എന്ന് ഹാരിസ് നിർദ്ദേശം നൽകിയിരുന്നു. ഇത് നടപ്പിലാക്കി 12 ദിവസത്തിനകം ബ്രെത്ത് പരിശോധനകളിൽ 42%, നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിൽ 25%, പിഴ ഈടാക്കുന്നതിൽ 61%, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ പിടിക്കുന്നതിൽ 22% എന്നിങ്ങനെ കഴിഞ്ഞ മാസത്തേക്കാൾ വർധനവുണ്ടായതായി ഹാരിസ് പറഞ്ഞു. കുറച്ചു കാലത്തേയ്ക്ക് മാത്രം അല്ലെന്നും, ഇത് ഇനി ഒരു സ്ഥിരം സംവിധാനമായി നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: