UHL-ൽ ചികിത്സയിലായിരുന്ന 16-കാരി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് കണ്ടെത്തൽ

University Hospital Limerick-യില്‍ ചികിത്സയിലിരുന്ന 16-കാരി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് കണ്ടെത്തല്‍. Aoife Johnston എന്ന കൗമാരക്കാരിയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2022 ഏപ്രില്‍ 19-ന് മരിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിക്ക് ആവശ്യമായ പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ജിപി റഫര്‍ ചെയ്തതനുസരിച്ചാണ് ഇന്‍ഫെക്ഷനുമായി (sepsis) പെണ്‍കുട്ടിയെ UHL-ല്‍ അഡ്മിറ്റ് ചെയ്തത്. എന്നാല്‍ 12 മണിക്കൂര്‍ കഴിഞ്ഞ് മാത്രമാണ് ഡോക്ടര്‍ പെണ്‍കുട്ടിയെ പരിശോധിച്ചത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാവശ്യമായ മരുന്ന് വളരെ വൈകി മാത്രമാണ് നല്‍കിയതെന്നും ഇന്‍ക്വസ്റ്റില്‍ വ്യക്തമായി.

അതേസമയം ആശുപത്രിയിലെ അമിത തിരക്ക് കാരണമാണ് കൃത്യസമയത്ത് Aoife-ക്ക് ചികിത്സ നല്‍കാന്‍ സാധിക്കാതിരുന്നത് എന്നാണ് പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറായ Leandri Card വിചാരണയില്‍ പറഞ്ഞത്. 191 രോഗികളെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ താന്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. കൃത്യമായ രോഗനിര്‍ണ്ണയം നടത്താതെയാണ് രോഗിക്ക് മരുന്ന് നല്‍കിയത് എന്ന് സമ്മതിച്ച ഡോക്ടര്‍, പെണ്‍കുട്ടിയുടെ മരണശേഷം താന്‍ HSE ജോലി ഉപേക്ഷിച്ചു എന്നും കൂട്ടിച്ചേര്‍ത്തു.

Aoife-യെ ആശുപത്രിയില്‍ കൊണ്ടുവന്ന രാത്രി അമിതമായ തിരക്ക് കാരണം ആശുപത്രിയില്‍ ഒട്ടും സ്ഥലം ഉണ്ടായിരുന്നില്ലെന്നും, ട്രോളികളിലാണ് പലരെയും ചികിത്സിച്ചതെന്നും വിചാരണ വേളയില്‍ ഡോക്ടര്‍ Card പറഞ്ഞു.

റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് HSE മേധാവി Bernard Gloster പെണ്‍കുട്ടിയുടെ കുടുംബത്തോട് മാപ്പപേക്ഷിച്ചു. വാക്കുകള്‍ കൊണ്ട് അവരുടെ വേദനയെ മറികടക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രി ജീവനക്കാരോട് കേണപേക്ഷിച്ചിട്ടും ചികിത്സ നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്ന് Aoife-യുടെ അമ്മ കരോള്‍ പറഞ്ഞിരുന്നു. മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന് പറഞ്ഞ മാതാപിതാക്കള്‍, പക്ഷേ ഇത് കാരണം ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: