അയർലണ്ടുകാർക്ക് കല്യാണം കഴിക്കാൻ താൽപര്യമില്ല! രാജ്യത്ത് വിവാഹങ്ങൾ കുറയുന്നു

അയര്‍ലണ്ടില്‍ വിവാഹിതരാകുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ്. 2023-ല്‍ രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങള്‍ 21,159 ആണെന്നും, 2022-നെ അപേക്ഷിച്ച് ഇത് 8.7% കുറവാണെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (CSO) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം കോവിഡിന് മുമ്പുള്ള 2019-നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം നടന്ന വിവാഹങ്ങള്‍ 4.2% അധികമാണ്.

ആകെ 20,153 വിവാഹങ്ങളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 324 എണ്ണം സ്വവര്‍ഗപങ്കാളികളായ പുരുഷന്മാരുടേതും, 322 എണ്ണം സ്വവര്‍ഗപങ്കാളികളായ സ്ത്രീകളുടേതും ആണ്.

രാജ്യത്ത് വിവാഹിതരാകുന്ന വ്യത്യസ്ത ലിംഗത്തില്‍ പെട്ടവരുടെ ശരാശരി പ്രായത്തിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. വധുവിന്റെ പ്രായം 35.8 വയസായും, വരന്റെ പ്രായം 37.7 വയസായും ആണ് വര്‍ദ്ധിച്ചത്.

സ്വവര്‍ഗപങ്കാളികളുടെ കാര്യത്തിലാണെങ്കില്‍ പുരുഷന്മാരുടെ ശരാശരി പ്രായം 40.8 ആയും, സ്ത്രീകളുടേത് 38 ആയും ഒരു വര്‍ഷത്തിനിടെ വര്‍ദ്ധിച്ചിട്ടുണ്ട്.

പോയ വര്‍ഷം രാജ്യത്ത് ഏറ്റവുമധികം പേര്‍ വിവാഹിതരായത് റോമന്‍ കാത്തലിക് രീതിയിലാണ്. ആകെ നടന്ന വിവാഹങ്ങളില്‍ 35.4 ശതമാനവും ആര്‍സി ഈ ചടങ്ങുകളോടെയാണ് നടന്നത്. സിവില്‍ ചടങ്ങുകളായി നടത്തപ്പെട്ട വിവാഹങ്ങളാണ് രണ്ടാം സ്ഥാനത്ത് (31.6%). സ്വവര്‍പങ്കാളികളില്‍ 52% പേരും വിവാഹിതരായത് സിവില്‍ ചടങ്ങുകളിലൂടെയാണ്.

ഏറ്റവുമധികം പേര്‍ വിവാഹിതരാകാന്‍ തെരഞ്ഞെടുത്ത ദിവസം വെള്ളിയാഴ്ചയാണെന്നും (7,419) റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കുറവ് വിവാഹങ്ങള്‍ നടന്നതാകട്ടെ ഞായറാഴ്ചയും (714). അതേസമയം ഏറ്റവുമധികം വിവാഹങ്ങള്‍ നടന്ന മാസം ഓഗസ്റ്റും (2,653), ഏറ്റവും കുറവ് ജനുവരിയിലും (665) ആയിരുന്നു.

Share this news

Leave a Reply

%d bloggers like this: