ഖത്തറിൽ നിന്നും അയർലണ്ടിലേക്ക് പറന്ന വിമാനം ആകാശച്ചുഴിയിൽ ആടിയുലഞ്ഞ് 12 പേർക്ക് പരിക്ക്. ആറു യാത്രക്കാർക്കും, ആറു ക്രൂ അംഗങ്ങൾക്കുമാണ് ഇന്ന് രാവിലെ നടന്ന സംഭവത്തിൽ പരിക്കേറ്റത്.
ദോഹയിൽ നിന്നും ഡബ്ലിനിലേക്കുള്ള ഖത്തർ എയർവേയ്‌സിന്റെ QR107 ഫ്‌ളൈറ്റ് ആണ് തുർക്കിയ്ക്ക് മുകളിലൂടെ സഞ്ചരിക്കവേ ശക്തമായ കാറ്റിൽ പെട്ട് ആടിയുലഞ്ഞത്. എങ്കിലും വിമാനം നേരത്തെ നിശ്ചയിച്ച പ്രകാരം ഉച്ചയ്ക്ക് 1 മണിയോടെ തന്നെ സുരക്ഷിതമായി ഡബ്ലിൻ എയർപോർട്ടിൽ ലാൻഡ് ചെയ്തതായി എയർപോർട്ട് അധികൃതർ അറിയിച്ചു. എയർപോർട്ടിലെ എമർജൻസി സർവീസ് വിമാനത്തിലുള്ളവർക്ക് സഹായം നൽകി.
കഴിഞ്ഞയാഴ്ച ലണ്ടനിൽ നിന്നും സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന സിംഗപ്പൂർ എയർലൈൻസിന്റെ ഒരു വിമാനം ആകാശച്ചുഴിയിൽ പെട്ട് ആടിയുലഞ്ഞുണ്ടായ അപകടത്തിൽ ഒരു യാത്രക്കാരൻ മരിക്കുകയും, പലർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഈ സംഭവം.






