അയർലണ്ടിൽ ഓരോ 60 കി.മീ കൂടുമ്പോഴും ഇവി ചാർജിങ് പോയിന്റുകൾ; സർക്കാർ പദ്ധതി യാഥാർഥ്യമാകുമോ?

അയര്‍ലണ്ടിലെ എല്ലാ മോട്ടോര്‍വേകളിലും 60 കി.മീ കൂടുമ്പോള്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിങ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി ഗതാഗതവകുപ്പ് മന്ത്രി ഈമണ്‍ റയാന്‍. രാജ്യത്തെ ഇവി വില്‍പ്പന കഴിഞ്ഞ ഏതാനും മാസങ്ങളായി കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് The National Road EV Charging Network Plan എന്ന പേരിലുള്ള പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം.

ഓരോ 60 കി.മീ കൂടുമ്പോഴും ശക്തിയേറിയ ചാര്‍ജ്ജറുകള്‍ സ്ഥാപിക്കുന്നതിനൊപ്പം തന്നെ ഹോം, അപ്പാര്‍ട്ട്‌മെന്റ് ചാര്‍ജ്ജിങ്, ഡെസ്റ്റിനേഷന്‍ ചാര്‍ജ്ജിങ്, റെസിഡെന്‍ഷ്യല്‍ നെയ്ബര്‍ഹുഡ് ചാര്‍ജ്ജിങ് എന്നിവയും പദ്ധതിയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. പുതിയ മൊബിലിറ്റി ഹബ്ബുകള്‍ അടക്കമാണിത്.

രാജ്യത്ത് ആദ്യഘട്ടത്തില്‍ ഇവികള്‍ക്ക് വളരെ ആവശ്യക്കാര്‍ ഉണ്ടായിരുന്നെങ്കിലും കുറച്ചുകാലമായി വില്‍പ്പന കുറഞ്ഞിരിക്കുന്നതായാണ് ഈയിടെ പുറത്തുവന്ന വിപണി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിന്റെ പ്രധാന കാരണങ്ങളിലൊന്നായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ആവശ്യത്തിന് ചാര്‍ജ്ജിങ് പോയിന്റുകള്‍ ഇല്ലാത്തതാണ്. രാജ്യത്തിന്റെ സീറോ എമിഷന്‍ ലക്ഷ്യത്തിന് വലിയ പ്രതീക്ഷയാണ് ഇവികള്‍ നല്‍കിയിരുന്നതെങ്കിലും, വില്‍പ്പന കുറഞ്ഞത് പാരിസ്ഥിതിക രംഗത്ത് തിരിച്ചടി നേരിടാന്‍ കാരണമായിരിക്കുകയാണ്.

ചാര്‍ജ്ജിങ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ വിപണിയിലെ ഏറ്റവും മികച്ച നിലവാരത്തിലുള്ള ഡിസൈനുകളും മറ്റുമാണ് ഉപയോഗിക്കുന്നതെന്ന് റയാന്‍ പറഞ്ഞു. ഇതിനായുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഒപ്പം പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായം തേടലും ഉടന്‍ ആരംഭിക്കും. ജൂലൈ 19 വരെ പൊതുജനാഭിപ്രായം തേടല്‍ തുടരും. ശേഷം ഈ അഭിപ്രായങ്ങള്‍ വിലയിരുത്തി 2024 രണ്ടാം പാതിയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി പുറത്തുവിടും.

കൂടുതല്‍ ചാര്‍ജ്ജിങ് പോയിന്റുകള്‍ സ്ഥാപിക്കപ്പെടുന്നത് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ജനങ്ങളെ കൂടുതലായി പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: