ആയിരമല്ല പതിനായിരമല്ല, അയർലണ്ടുകാർ ഓരോ വർഷവും പുറന്തള്ളുന്നത് 750,000 ടൺ ഭക്ഷ്യമാലിന്യം

അയര്‍ലണ്ടുകാര്‍ ഓരോ വര്‍ഷവും പുറന്തള്ളുന്നത് 750,000 ടണ്‍ ഭക്ഷ്യമാലിന്യമാണെന്ന് റിപ്പോര്‍ട്ട്. 7,000 നീലത്തിമിംഗലങ്ങളുടെ വലിപ്പത്തിന് തുല്യമാണിത്. MyWaste.ie നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണങ്ങളിലൊന്നാകുന്ന ഭക്ഷ്യമാലിന്യവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ലഭ്യമായത്.

ലോകത്ത് ആകെ പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങളില്‍ 8-10% ഉണ്ടാകുന്നത് ഭക്ഷ്യമാലിന്യങ്ങളില്‍ നിന്നുമാണ്. അന്തരീക്ഷം ചൂട് പിടിക്കാന്‍ വലിയൊരു കാരണമാകുന്നത് ഹരിതഗൃഹവാതകങ്ങളാണ്. അതിനാല്‍ത്തന്നെ ഭക്ഷ്യമാലിന്യങ്ങള്‍ കുറയ്ക്കുന്നത് പരിസ്ഥിതിക്ക് ഗുണം ചെയ്യുകയും, സാമ്പത്തിക ലാഭമുണ്ടാക്കുകയും ചെയ്യുമെന്ന് MyWaste.ie പറയുന്നു.

ജൂണ്‍ 2-ന് ആരംഭിക്കുന്ന നാഷണല്‍ ഫുഡ് വേസ്റ്റ് റീസൈക്ലിങ് വീക്കിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഭക്ഷ്യമാലിന്യങ്ങള്‍ ബ്രൗണ്‍ ബിന്നില്‍ സൂക്ഷിച്ച് കൃത്യമായി പുനരുപയോഗിക്കാനും, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുമാണ് അധികൃതര്‍ ആഹ്വാനം ചെയ്യുന്നത്. നിലവില്‍ രാജ്യത്തെ മൂന്നില്‍ രണ്ട് വീടുകളും ഭക്ഷ്യമാലിന്യങ്ങള്‍ പ്രത്യേകം സൂക്ഷിക്കാനുള്ള ബ്രൗണ്‍ ബിന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും ഭക്ഷ്യമാലിന്യങ്ങള്‍ മറ്റ് മാലിന്യങ്ങളോടൊപ്പം പുറന്തള്ളുന്നവര്‍ കുറവല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ജനുവരിയില്‍ പാസാക്കിയ നിയമപ്രകാരം അയര്‍ലണ്ടിലെ എല്ലാവരും ബ്രൗണ്‍ ബിന്‍ സര്‍വീസ് ഉപയോഗിക്കേണ്ടത് നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.

Share this news

Leave a Reply