ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്കും അവസരം; അയർലണ്ടിലെ ഗാർഡ റിസർവ്വിലേയ്ക്ക് റിക്രൂട്ട്മെന്റ് ആരംഭിച്ചു

അയര്‍ലണ്ടിലെ ഗാര്‍ഡ റിസര്‍വ്വ് സേനയിലേയ്ക്ക് 650 പേരെ കൂടി ചേര്‍ക്കാനുള്ള റിക്രൂട്ട്‌മെന്റിന് ആരംഭം. നിലവില്‍ 341 പേരുള്ള റിസര്‍വ്വില്‍, 2026-ഓടെ 1,000 അംഗങ്ങളെ തികയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

രാജ്യത്ത് ഗാര്‍ഡയുടെ എണ്ണക്കുറവ് ക്രമസമാധാനപരിപാലത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി വിമര്‍ശനം തുടരുന്നതിനിടെ നടത്തുന്ന റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി, റിസര്‍വ്വ് അംഗങ്ങളുടെ സ്റ്റൈപ്പെന്‍ഡും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വര്‍ഷം 200 മണിക്കൂറിലധികം ജോലി ചെയ്യുന്ന വൊളന്റിയര്‍മാര്‍ക്ക് ടാക്‌സില്ലാതെ 3,000 യൂറോ അധികമായി ലഭിക്കും.

രാജ്യത്തെ പൊലീസ് സേനയായ An Garda Síochána-യിലെ വൊളന്റിയര്‍മാരാണ് ഗാര്‍ഡ റിസര്‍വ്വ് എന്നറിയപ്പെടുന്നത്. ഗാര്‍ഡ ഉദ്യോഗസ്ഥരെ സഹായിക്കുകയും, കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതില്‍ പങ്കുവഹിക്കുകയുമാണ് ഇവരുടെ ജോലി. ഗതാഗതനിയന്ത്രണത്തിലും, ജനക്കൂട്ടം ഉണ്ടാകുന്ന വലിയ പരിപാടികള്‍ നടക്കുമ്പോഴും ഇവര്‍ ഗാര്‍ഡയ്ക്ക് പിന്തുണ നല്‍കുകയും ചെയ്യും. അഡ്മിനിസ്‌ട്രേറ്റീവ് ഡ്യൂട്ടികളും ഉണ്ടാകും. ഓരോ റിസര്‍വ്വ് അംഗത്തിന്റെയും പ്രത്യേക കഴിവുകള്‍ അടിസ്ഥാനമാക്കിയാണ് ഈ സഹായങ്ങള്‍ തീരുമാനിക്കപ്പെടുക.

2006-ല്‍ സ്ഥാപിക്കപ്പെട്ട ഗാര്‍ഡ റിസര്‍വ്വില്‍ ഇന്ത്യക്കാരടക്കം നിരവധി വിദേശപൗരന്മാരും അംഗങ്ങളാണ്. ഐറിഷ് പൗരന്മാര്‍ക്ക് പുറമെ രാജ്യത്ത് കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും നിയമപരമായി താമസിക്കുന്നവര്‍ക്ക് ഗാര്‍ഡ റിസര്‍വ്വില്‍ ചേരാന്‍ അപേക്ഷ നല്‍കാവുന്നതാണ്.

Share this news

Leave a Reply