അയർലണ്ടിൽ രണ്ട് മാസങ്ങൾ നീളുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നീനാ കൈരളി

നീനാ (കൗണ്ടി ടിപ്പററി): മുൻ വർഷങ്ങളിലേതു പോലെ തന്നെ മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ രണ്ട് മാസങ്ങൾ നീളുന്ന ആഘോഷാരവങ്ങളുമായി വരവേൽക്കാൻ നീനാ കൈരളി. കൈരളി അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ-കായിക മത്സരങ്ങളുമായി അത്യന്തം വാശിയേറിയതും, ആഘോഷത്തിമിർപ്പ് നിറഞ്ഞതുമാണ് ഈ രണ്ട് മാസങ്ങൾ. ‘ഇലുമിനാറ്റി, ആവേശം, തരംഗം, അമ്പാൻ’ എന്നിവയാണ് ഗ്രൂപ്പുകൾ. ലേലം,റമ്മി തുടങ്ങിയ മത്സരങ്ങളുമായി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു കൈരളി. 

ഓഗസ്റ്റ് 23-ന് നിരവധി ഓണക്കളികളുമായി ‘സ്പോർട്സ് ഡേ’ നടക്കും. അന്നേ ദിവസം അത്യന്തം വാശിയേറിയ മത്സരയിനങ്ങളാണ് ഗ്രൂപ്പുകളെ കാത്തിരിക്കുന്നത്. വടംവലി, റിലേ, ക്രിക്കറ്റ്, ക്വിസ്, ബാഡ്മിന്റൺ, ചാക്കിലോട്ടം എന്നിവ അവയിൽ ചിലത് മാത്രമാണ്. കുട്ടികളെയും പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് നിരവധി മത്സരങ്ങൾ അന്നേ ദിവസം നടത്തപ്പെടുന്നു. ജേഴ്സികൾ അണിഞ്ഞ് ‘സ്പോർട്സ് ഡേ’യിൽ ആധിപത്യം സ്ഥാപിക്കാൻ കാത്തിരിക്കുകയാണ് ഓരോ ഗ്രൂപ്പും ക്യാപ്റ്റന്മാരും. തുടർന്ന് സെപ്റ്റംബർ മാസത്തിൽ നടക്കുന്ന പാരമ്പര്യത്തനിമയാർന്ന ഓണാഘോഷങ്ങളോടെയും, ഓണസദ്യയോടെയും രണ്ട് മാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തിരശ്ശീല വീഴും. 

ആഘോഷപരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ഷിന്റോ ജോസ്, സഞ്ജു ബെൻ, സിനുലാൽ വി, തോംസൺ ജോസ്, സോഫി കണ്ണൻ, നിഷ രാജേഷ്, രമ്യ സണ്ണി, രോഹിണി അഭിലാഷ് എന്നിവർ നേതൃത്വം നൽകുന്നു.

വാർത്ത: ജോബി മാനുവൽ.

Share this news

Leave a Reply

%d bloggers like this: