പാരിസില്‍ നടക്കുന്ന 2024 പാരാലിംപിക്‌സിന്റെ ആറാം ദിനം അയര്‍ലണ്ടിന് ഇരട്ട മെഡല്‍ നേട്ടം. വനിതകളുടെ 200 മീറ്റര്‍ Individual Medley M-13 നീന്തലില്‍ Róisín Ní Riain-ഉം, വനിതകളുടെ 100 മീറ്റര്‍ T-13 ഓട്ടത്തില്‍ Orla Comerford-ഉം ആണ് രാജ്യത്തിനായി വെങ്കല മെഡലുകള്‍ നേടിയത്.
2:27.47 സമയത്തില്‍ മൂന്നാമതായി ഫിനിഷ് ചെയ്താണ് Róisín Ní Riain അയര്‍ലണ്ടിന്റെ മെഡല്‍ പട്ടികയിലേയ്ക്ക് പേര് ചേര്‍ത്തത്. 11.94 സെക്കന്‍ഡ് സമയത്തിലാണ് Orla Comerford വെങ്കല മെഡലിനായി ഓട്ടം പൂര്‍ത്തിയാക്കിയത്. ഇതോടെ രണ്ട് വീതം വെള്ളിയും, വെങ്കലവുമായി അയര്‍ലണ്ട് മെഡല്‍ പട്ടികയില്‍ 56-ആം സ്ഥാനത്താണ്.
അതേസമയം പാരിസ് പാരാലിംപിക്‌സില്‍ ഇന്ത്യ തങ്ങളുടെ കുതിപ്പ് തുടരുകയാണ്. ഓഗസ്റ്റ് 28-ന് ആരംഭിച്ച പാരാലിംപിക്‌സില്‍ ഇന്ത്യ ഇതുവരെ 3 സ്വര്‍ണ്ണം, 7 വെള്ളി, 10 വെങ്കലം എന്നിവ സ്വന്തമാക്കിക്കഴിഞ്ഞു. 20 മെഡലുകളോടെ മെഡല്‍ പട്ടികയില്‍ ഇപ്പോള്‍ 19-ആം സ്ഥാനത്താണ് രാജ്യം. 2020 ടോക്കിയോ പാരാലിംപിക്‌സില്‍ 19 മെഡലുകളോടെ 24-ആം സ്ഥാനത്തായിരുന്നു ഇന്ത്യ. സെപ്റ്റംബര്‍ 8-നാണ് പാരിസില്‍ പാരാലിംപിക്‌സ് കൊടിയിറക്കം.