ഡബ്ലിന്‍ നഗരത്തില്‍ അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ബോഡി ക്യാമറകള്‍ നല്‍കി സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍. ഡബ്ലിനിലെ പ്രധാനപ്പെട്ട സ്റ്റോറുകളിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ക്യാമറകള്‍ നല്‍കിയിരിക്കുന്ന പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ Tesco ആണ്. രാജ്യത്ത് ഇത്തരത്തില്‍ നടപടിയെടുക്കുന്ന ആദ്യ സൂപ്പര്‍മാര്‍ക്കറ്റും Tesco ആണ്. കോര്‍ക്ക് സിറ്റിയിലെ ഒരു പ്രധാന ഔട്ട്‌ലെറ്റില്‍ കഴിഞ്ഞ വര്‍ഷം തന്നെ Tesco സമാനമായ സംവിധാനം നടപ്പിലാക്കിയിരുന്നു.
ഡബ്ലിനിലെ Thomas Street, Newmarket Square എന്നിവിടങ്ങളിലെ സ്റ്റോറുകളിലെല്ലാം Tesco തങ്ങളുടെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ബോഡി ക്യാമറകള്‍ നല്‍കിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഈയിടെയായി അക്രമസംഭവങ്ങള്‍ പെരുകിയിരിക്കുകയാണ്. കടകളിലെത്തുന്ന ചിലര്‍ സാധനങ്ങള്‍ മോഷ്ടിക്കുകയും, അത് ചോദ്യം ചെയ്താല്‍ അക്രമസ്വഭാവം കാണിക്കുന്നതും പതിവ് സംഭവമായി മാറിയിട്ടുണ്ട്. ശാരീരികമായ ഉപദ്രവവും, മോശം വാക്കുകളുപയോഗിച്ചുള്ള അധിക്ഷേപവും ഇതില്‍ പെടും. അതിനാല്‍ കേസുമായി മുന്നോട്ട് പോകാന്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് ബോഡി ക്യാമറകള്‍ നല്‍കിയിട്ടുള്ളത്.
ജീവനക്കാരുടെയും, ഉപഭോക്താക്കളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാണ് ബോഡി ക്യാമറ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് Tesco വക്താവ് പറഞ്ഞു.
അതേസമയം പുതിയ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഗാര്‍ഡ കൂടുതല്‍ സുരക്ഷ നല്‍കേണ്ടതുണ്ടെന്ന് Retail Ireland ഡയറക്ടറായ Arnold Dillon പറയുന്നു. പ്രശ്‌നമുണ്ടായാല്‍ ഉടനടി ഗാര്‍ഡ സ്ഥലത്തെത്തുന്ന തരത്തിലുള്ള ഇടപെടലും ആവശ്യമാണ്. ഇതിന് കൂടുതല്‍ റിക്രൂട്ട്‌മെന്റുകളും, പരിശീനവും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.