കെ ജെ ബേബി അനുസ്മരണം (ബിനു ദാനിയേൽ)

കെ ജെ ഒരു സാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. എഴുത്തുകാരൻ, നാടക പ്രവർത്തകൻ, ചലച്ചിത്ര സംവിധായകൻ സാമൂഹിക പ്രവർത്തകൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റേതായ ഇടം സൃഷ്ടിച്ച വ്യക്തിയായിരുന്നു. തൻ്റെ ജീവിതം മുഴുവൻ ആദിവാസി സമൂഹങ്ങളെ കുറിച്ച് പഠിക്കാനും അവരിൽ ഒരു വിദ്യാർത്ഥിയായി കാര്യങ്ങളെ കാണാനും അവരോടൊപ്പം അവരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു.

ആദിവാസി സമൂഹം നാം അടങ്ങുന്ന നമ്മുക്ക് ചുറ്റുമുള്ള മറ്റു സമൂഹങ്ങളെ പോലെ ഒട്ടും താഴെയോ മുകളിലോ അല്ല നമ്മളെപ്പോലെ തന്നെ ഉള്ളവർ ആണ് എന്ന സത്യം ബേബി നിരന്തരം തന്റെ പ്രവർത്തികളിലൂടെ, രചനകളിലൂടെ കേരള
സമൂഹത്തോട് വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.

18 വയസ്സിൽ വയനാട്ടിലേക്ക് കുടിയേറി പാർത്ത കെ ജെ ബേബി നീണ്ട 50 വർഷം ഒരു നെരിപ്പോട് പോലെ എരിയുന്ന നെഞ്ചുമായി ആദിവാസി സമൂഹങ്ങളുടെ ഒപ്പം ചേർന്ന് അവരെ കുറച്ചു പഠിക്കാനും, അവരുടെ ചരിത്രം, വിശ്വാസം സംസ്കാരം മുതലായവ മനസ്സിലാക്കാനും, വിവരങ്ങൾ ശേഖരിക്കാനും ആചാരാനുഷ്ഠാനങ്ങളുടെ പ്രത്യേകതകൾ മനസ്സിലാക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്ന വ്യക്തിയായിരുന്നു. അവരിൽനിന്ന് ശേഖരിച്ച അറിവുകൾ അദ്ദേഹം നിരവധി കലാ-സാഹിത്യ പ്രവർത്തനങ്ങളിലൂടെ പുറംലോകത്ത് എത്തിച്ച വ്യക്തിയായിരുന്നു. അദ്ദേഹം രചിച്ച ഒട്ടനവധി നാടകങ്ങളും പാട്ടുകളും കഥകളും നോവലുകളും സിനിമകളും എല്ലാം ആദിവാസി സമൂഹവുമായി ബന്ധപ്പെട്ടതോ അവർ നേരിടുന്ന അവഗണനയും അനീതിയും വിളിച്ചു പറയുന്നതോ അതുമല്ലെങ്കിൽ അവരെക്കുറിച്ച് നമ്മോട് പറയുന്ന ചില അനുഭവങ്ങളോ ആവശ്യങ്ങളോ സമരമോ ആയിരുന്നു. നാടുഗദ്ദിക എന്ന നാടകവുമായി കേരളത്തിലെ ഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളം അവതരിപ്പിച്ച് ആദിവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും അവഗണനയും പൊതുസമൂഹത്തെ ബോധവൽക്കരിക്കുകയായിരുന്നു. അനീതിക്കെതിരെയുള്ള പോരാട്ടമാണ് മറ്റു സമൂഹങ്ങളെ പോലെ അവരെയും വ്യത്യസ്തരാക്കുന്നത്, അവരുടെ നിസ്സഹായതയെ ചൂഷണം ചെയ്യുന്നതാണ് സമൂഹം എന്നും ബേബി കാണിച്ചു തന്നു.

കെ ജെ ബേബിയുടെ പ്രധാനപ്പെട്ട കൃതികളിൽ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത് നാടുഗദ്ദിക, മാവേലിമൻറം, ബസ്പൂർക്കാന, ഗുഡ് ബൈ മലബാർ ഇവ നാലുമാണ്. നാടുഗദ്ദികയും മാവേലി മൻറുംവും സർവകലാശാലയിൽ കുട്ടികൾ പാഠപുസ്തകവുമായി പഠിക്കുന്നുണ്ട്.

കെ ജെ ബേബിയുടെ രചനകൾക്ക് മുട്ടത്തുവർക്കി അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും അടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സമഗ്ര സംഭാവനയ്ക്ക് ഭാരത് ഭവൻ അവാർഡും ലഭിച്ചിട്ടുണ്ട്. ഏറ്റവുമവസാനം കോവിഡ് മഹാമാരിക്ക് ശേഷം രചനയും സംവിധാനവും അഭിനയവും ചെയ്ത “കുഞ്ഞിമായിൻ എന്താണ് പറയാൻ ശ്രമിച്ചത് ” എന്ന ഒറ്റയാൾ നാടകം ശ്രദ്ധേയമാണ്.

കനവ് എന്ന ബദൽ വിദ്യാഭ്യാസ പദ്ധതി ആണ് നാടുഗദ്ദികക്ക് ശേഷം കേരളത്തിലും പുറംലോകത്തും എറ്റവും അധികം ചർച്ച ചെയ്യപ്പെട്ടത്. ആദിവാസി സമൂഹങ്ങളിലെ കുട്ടികൾക്ക് അനുയോജ്യമായ ഒരു കരിക്കുലം തയ്യാറാക്കി വിദ്യാഭ്യാസത്തിൻറെ ഔന്നിത്യം ഉയർത്തുന്ന മാതൃകാപരമായ ഒരു സ്ഥാപനമായിരുന്നു കനവ് എന്ന വിദ്യാഭ്യാസ സ്ഥാപനം ഒട്ടേറെ വിദ്യാഭ്യാസ വിദഗ്ധർ അതിൽനിന്ന് ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് പല വിദ്യാഭ്യാസ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

ആദിവാസികൾ അവരുടെ ബോധം മിത്തും ചരിത്രവും ഇളകലർന്ന കഥകളായും പാട്ടുകളായും അവർ തലമുറകളായി കൈമാറിവരുന്നതും ബേബിയുടെ പ്രവർത്തനത്തിലൂടെ നാം അറിയുന്നു.

ആദിവാസി സമൂഹം ആത്മാഭിമാനമുള്ള ഒരു സമൂഹമാണെന്നും അനീതിയും വിവേചനവും മുഖ്യധാര സമൂഹത്തിൽ നിന്നും ഭരണ ശിരാകേന്ദ്രത്തിൽ നിന്നും നേരിടുന്നതിന് എതിരെ നിരന്തരം സമരമുഖം തുറന്ന് ബേബി പ്രതിഷേധിച്ചിരുന്നു.

ബേബിയുടെ വിയോഗം പൊതുസമൂഹത്തിന് ഒരു തീരാനഷ്ടമാണ്. ബേബി ഒരു പരാജയമാണെന്ന് പലരും പറയുന്നുണ്ടാവാം, വിജയിച്ചവരിൽ നിന്ന് നാം ഒന്നും പഠിക്കുന്നില്ല പരാജയപ്പെടുന്ന വരിൽ നിന്നാണ് നാം വല്ലതും പഠിക്കുന്നുണ്ടെങ്കിൽ ആ പാഠം ഉൾക്കൊള്ളുന്നത്. ആദിവാസി സമൂഹത്തിന്റെ ഇടയിൽ പ്രവർത്തിക്കുകയും അവരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് നമ്മുടെ മുമ്പിൽ തുറന്നുവെക്കുകയും ചെയ്തിട്ടും, നമുക്കൊന്നും മനസ്സിലാവുന്നില്ലെങ്കിൽ നാം ബേബിയെ വീണ്ടും വീണ്ടും പരാജയപ്പെടുത്തുകയാണ്.

ബേബി തൻ്റെ ജീവിതം എന്ന നാടകത്തിൽ നിന്ന് അവസാന രംഗവും പൂർത്തിയാക്കി ഇറങ്ങിപ്പോകുമ്പോൾ ബാക്കി വെക്കുന്നത് അദ്ദേഹം തന്റെ തുറന്ന ജീവിതവും, ബാക്കിവെച്ചിട്ട് പോയ എഴുത്തുകളും കലാ സാംസ്കാരിക പ്രവർത്തനങ്ങളുമാണ്. അത് ഇനിയും വരുംതലമുറ അദ്ദേഹത്തെ വിശദമായി പഠിക്കട്ടെ.

ബേബിക്ക് അനുശോചനം രേഖപ്പെടുത്തി,
ഡബ്ലിൻ ബിനു.

Share this news

Leave a Reply

%d bloggers like this: