വാട്ടർഫോർഡ്: ഡൺഗാർവൻ മലയാളി അസോസിയേഷൻ ‘ഓണം 2024’ ഗംഭീരമായി ആഘോഷിച്ചു. സെപ്‌റ്റംബർ 7-ആം തീയതി ശനിയാഴ്ച, ഓണാഘോഷത്തിന്റെ ഭാഗമായി ഡൺഗാർവൻ മലയാളി അസോസിയേഷനിലെ അംഗങ്ങൾ മൗണ്ട് മെല്ലറി കമ്മ്യൂണിറ്റി ഹാളിൽ ഒത്തുകൂടുകയും ആഘോഷ പരിപാടികൾ ഉച്ചയ്ക്ക് ഒരുമണിയോടെ ആരംഭിക്കുകയും ചെയ്തു.

മുൻ വാട്ടർഫോർഡ് മേയറും, നിലവിലെ സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ പ്രതിനിധിയുമായ കൗൺസിലർ ഡാമിയൻ ഗേകനും, ആദ്ദേഹത്തിന്റെ ഭാര്യ നടാന്യ ഗേകനുമാണ് പരിപാടികളുടെ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചത്. പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്ത അവരെ അസ്സോസിയേഷൻ പ്രസിഡണ്ട് ബിജു പോളും, സെക്രട്ടറി റോണി മാത്യൂസും, ജോയിന്റ് സെക്രട്ടറി സോനു ജോർജ്ജും ചേർന്ന് പൊന്നാടയും, പാരിതോഷികവും നൽകി ആദരിക്കുകയുണ്ടായി.


സിജോ ജോർഡി അസോസിയേഷന്റെ ചരിത്രം, വളർച്ച എന്നിവയെക്കുറിച്ചുള്ള ഒരു ഹ്രസ്വ അവലോകനം നൽകി. മഹാബലി തമ്പുരാന്റെ ദയയും ഔദാര്യവും എടുത്തുകാട്ടി ഷോഫി ബിജു ഓണത്തിന്റെ പുരാണ പശ്ചാത്തലം വിശദീകരിച്ചു. മഹാബലിയുടെ പ്രതീകാത്മക പ്രവേശനത്തോടെ ഓണം സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. ഓണസന്ദേശം നൽകിയ മാവേലി തമ്പുരാൻ വയനാട്ടിലെ ദുരന്തത്തിൽ മരണമടഞ്ഞവരെ അനുസ്മരിക്കുകയും, സദസ്സൊന്നാകെ ഒരു നിമിഷത്തെ മൗനം ആചരിക്കുകയും ചെയ്തു. അസോസിയേഷൻ വൈസ് പ്രഡിഡന്റ് കൂടിയായ ബിജു കുമാറാണ് മാവേലിയായി വേഷമിട്ടത്.






