അയര്‍ലണ്ടില്‍ വരുന്ന നവംബറില്‍ പൊതുതെരഞ്ഞുപ്പ് നടക്കുമെന്നുള്ള പ്രതീക്ഷയിലാണ് രാജ്യത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമെന്ന് Sinn Fein നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ്. ഭരണകക്ഷികളായ Fine Gael-ഉം, Fianna Fail-ഉം ഈ സര്‍ക്കാര്‍ 2025 മാര്‍ച്ചില്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമേ തെരഞ്ഞെടുപ്പ് നടക്കൂ എന്ന് പലവട്ടം പറഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്ന് മക്‌ഡൊണാള്‍ഡ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു.
അതേസമയം ജൂണിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പ്രധാനപ്രതിപക്ഷമായ Sinn Fein-ന് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നാണ് മക്‌ഡൊണാള്‍ഡ് പറയുന്നത്. 2020-ലെ പൊതുതെരഞ്ഞെുപ്പില്‍ വളരെ കുറച്ച് സ്ഥാനാര്‍ത്ഥികളെ മാത്രം നിര്‍ത്തിയതായി അംഗീകരിച്ച മക്‌ഡൊണാള്‍ഡ്, ഇത്തവണ 70-ഓളം സ്ഥാനാര്‍ത്ഥികളാണ് പാര്‍ട്ടിക്ക് ഉണ്ടാകുകയെന്നും വ്യക്തമാക്കി. പൊതുതെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടവും മികച്ച വിജയം നേടാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന ആത്മവിശ്വാസവും മക്‌ഡൊണാള്‍ഡ് പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പിനുള്ള യഥാര്‍ത്ഥ സമയം ഇതാണെന്ന് താന്‍ കരുതുന്നുവെന്നും, തങ്ങള്‍ പദ്ധതികളുമായി മുന്നോട്ട് പോകുകയാണെന്നും പറഞ്ഞ മക്‌ഡൊണാള്‍ഡ്, വെറും ശബ്ദകോലാഹലം സൃഷ്ടിക്കുന്ന പദ്ധതികളല്ല അവയെന്നും, യഥാര്‍ത്ഥ മാറ്റം സൃഷ്ടിക്കുന്നവയാണെന്നും കൂട്ടിച്ചേര്‍ത്തു. ഹൗസിങ്, ചൈല്‍ഡ് കെയര്‍, ജീവിതച്ചെലവ്, സാമൂഹികസുരക്ഷ എന്നിവയ്ക്കാണ് തന്റെ പാര്‍ട്ടി മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഈയിടെ പുറത്തുവരുന്ന അഭിപ്രായ സര്‍വേകളില്‍ Sinn Fein-ന് പിന്തുണ കുറയുന്നുവെന്ന് വ്യക്തമായത് സംബന്ധിച്ച ചോദ്യത്തിന്, തദ്ദേശ തെരഞ്ഞടുപ്പ് വിധി തങ്ങളുടെ പാര്‍ട്ടിക്ക് കൃത്യമായ സന്ദേശം നല്‍കിയെന്നും, മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്താനാണ് ജനങ്ങള്‍ ആ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിയോട് പറഞ്ഞിരിക്കുന്നതെന്നും മക്‌ഡൊണാള്‍ഡ് പ്രതികരിച്ചു. മുന്നിലുള്ളത് വലിയ കടമ്പ തന്നെയാണെന്നും, പക്ഷേ അതിനായി തങ്ങള്‍ പ്രാപ്തരാണെന്നും അവര്‍ വ്യക്തമാക്കി.