അയര്‍ലണ്ടില്‍ നിലവിലെ ഭവനപ്രതിസന്ധി പരിഹരിക്കാന്‍ 2050 വരെ ഓരോ വര്‍ഷവും ഏകദേശം 52,000 വീടുകള്‍ വീതം നിര്‍മ്മിക്കേണ്ടിവരുമെന്ന് സെന്‍ട്രല്‍ ബാങ്ക്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് അനുസൃതമായി കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്നാണ് ബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 2023-ലെ കണക്ക് പ്രകാരം 30,000 വീടുകള്‍ വീതമാണ് വര്‍ഷത്തില്‍ നിര്‍മ്മിക്കപ്പെടുന്നത് എന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
2018-ന് ശേഷം രാജ്യത്ത് ജനസംഖ്യ അപ്രതീക്ഷിതമായി വര്‍ദ്ധിക്കുകയാണെന്നും, ഒരു ഏകദേശ കണക്കാണ് വീടുകളുടെ കാര്യത്തില്‍ നല്‍കിയിരിക്കുന്നതെന്നും സെന്‍ട്രല്‍ ബാങ്ക് പറയുന്നു. ആവശ്യത്തിനനുസരിച്ച് വീടുകള്‍ ലഭ്യമാക്കുക എന്നത് സുസ്ഥിരമായ വളര്‍ച്ചയ്ക്ക് അനിവാര്യമായ ഘടകമാണെന്നും ബാങ്കിന്റെ 2024 മൂന്നാം പാദ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സാമ്പത്തികപ്രതിസന്ധി കാലത്തിന് ശേഷമുള്ള പത്ത് വര്‍ഷത്തോളം രാജ്യത്ത് ആവശ്യത്തിന് വീടുകള്‍ ലഭിക്കാത്ത സ്ഥിതി വന്നുവെന്നും, ഇത് വീടുകളുടെ വിലയും, വാടകയും വര്‍ദ്ധിക്കാന്‍ ഇടയാക്കിയെന്നും ബാങ്ക് പറയുന്നു. വരുമാന വര്‍ദ്ധനയെക്കാള്‍ അധികമായി വീടുകള്‍ക്ക് വിലയും, വാടകയും വര്‍ദ്ധിച്ചതോടെ പ്രതിസന്ധി രൂപപ്പെടുകയും ചെയ്തു. ഇപ്പോഴും ഡിമാന്‍ഡിന് അനുസരിച്ച്, ആളുകള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് വീടുകള്‍ ലഭ്യമാക്കാന്‍ സാധിക്കാത്തതാണ് പ്രതിസന്ധി തുടരാന്‍ കാരണം.
അതേസമയം രാജ്യത്ത് ഈയിടെയായി ഭവനമേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന നിക്ഷേപവും, വീടുകളുടെ നിര്‍മ്മാണവും വലിയ രീതിയില്‍ വര്‍ദ്ധിച്ചതായി അധികൃതര്‍ പറയുന്നു. എന്നാല്‍ ജനസംഖ്യയിലെ അപ്രതീക്ഷിത വര്‍ദ്ധന, കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. അതിനാല്‍ത്തന്നെ ഭവനപദ്ധതികള്‍ പുനരവലോകനം നടത്തി, പുതിയ പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്. സെന്‍ട്രല്‍ ബാങ്ക് പറയും പോലെ വര്‍ഷം 20,000 വീടുകള്‍ അധികമായി നിര്‍മ്മിക്കണമെങ്കില്‍ 6.5 മുതല്‍ 7 ബില്യണ്‍ യൂറോ വരെ ഓരോ വര്‍ഷവും അധികമായി വകയിരുത്തേണ്ടതുമുണ്ട്.