അയർലണ്ടിൽ 12 മാസത്തിനിടെ വീടുകൾക്ക് 9.6% വില ഉയർന്നു; ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് ലഭിക്കുന്നത് Longford-ൽ

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (CSO) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടില്‍ ഒരു വര്‍ഷത്തിനിടെ വീടുകള്‍ക്ക് വില ഉയര്‍ന്നത് 9.6%. ജൂലൈ വരെയുള്ള 12 മാസത്തെ കണക്കാണ് CSO പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം ഡബ്ലിന്റെ മാത്രം കാര്യമെടുത്താല്‍ 12 മാസത്തിനിടെയുള്ള വില വര്‍ദ്ധന 10.3% ആണ്. ഡബ്ലിന് പുറത്ത് 9.1 ശതമാനവും.

2024 ജൂലൈ വരെയുള്ള 12 മാസക്കാലയളവില്‍ രാജ്യത്ത് വില്‍ക്കപ്പെട്ട വീടുകളുടെ ശരാശരി വില 340,000 യൂറോ ആണ്. ഏറ്റവും ഉയര്‍ന്ന വിലയാകട്ടെ 630,000 യൂറോയും. Dún Laoghaire-Rathdown-ലാണ് ഇത്രയും ഉയര്‍ന്ന വിലയ്ക്ക് വില്‍പ്പന നടന്നത്. ഏറ്റവും കുറഞ്ഞ വിലയായ 171,000 യൂറോയ്ക്ക് വില്‍പ്പന നടന്നത് Longford-ലാണ്.

ഡബ്ലിന് പുറത്ത് വില ഏറ്റവുമധികം വര്‍ദ്ധിച്ചത് Clare, Limerick, Tipperary എന്നിവ ഉള്‍പ്പെടുന്ന മിഡ്-വെസ്റ്റ് പ്രദേശത്താണ്. 12 മാസത്തിനിടെ ഇവിടെ വീടുകള്‍ക്ക് 13.4% ആണ് വില വര്‍ദ്ധിച്ചത്. മറുവശത്ത് വില വര്‍ദ്ധന ഏറ്റവും കുറവ് Carlow, Kilkenny, Waterford, Wexford എന്നിവ ഉള്‍പ്പെടുന്ന സൗത്ത്-ഈസ്റ്റ് പ്രദേശത്തും. 6.1% ആണ് ഇവിടുത്തെ വിലവര്‍ദ്ധന.

ഇക്കഴിഞ്ഞ ജൂലൈയില്‍ ആകെ 4,723 വീടുകളുടെ വില്‍പ്പന നടന്നതായാണ് റവന്യൂവിന്റെ കണക്ക്. 2023 ജൂലൈയില്‍ ഇത് 4,174 ആയിരുന്നു. 13.2% ആണ് വര്‍ദ്ധന.

Share this news

Leave a Reply

%d bloggers like this: