ഡബ്ലിനിലെ Cloverhill Prison-ല്‍ തടവുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. ശനിയാഴ്ച രാവിലെ 5.30-ഓടെയാണ് മൂന്ന് പേരെ പാര്‍പ്പിച്ച സെല്ലില്‍ എന്തോ പ്രശ്‌നം നടക്കുന്നതായി വിവരം ലഭിച്ചെത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍, 43-കാരനായ തടവുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകം എന്ന നിലയ്ക്കാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വെസ്റ്റ് ഡബ്ലിനിലെ Ballyfermot സ്വദേശിയാണ് മരിച്ചയാള്‍. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ശിക്ഷ അനുഭവിച്ച് വന്നിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഒരു കിലോ കഞ്ചാവ്, തോക്ക് എന്നിവ കൈവശം വച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തത്. വിചാരണ കാത്ത് റിമാന്‍ഡ് തടവില്‍ കഴിയവേയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
അതേസമയം ഇയാള്‍ക്കൊപ്പം സെല്ലില്‍ കഴിയുന്ന മറ്റൊരാള്‍ക്ക് പരിക്കുകളേറ്റിതിനെത്തുടര്‍ന്ന് ചികിത്സ നല്‍കിയിട്ടുണ്ട്. ഇയാളെയും, ഒപ്പമുള്ള തടവുകാരനെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യും. ആക്രമണത്തിന്റെ കാരണം കണ്ടെത്താനാണ് ഗാര്‍ഡയുടെ ശ്രമം.