അയര്‍ലണ്ടില്‍ പൊതുതെരഞ്ഞെടുപ്പ് എന്ന് നടക്കുമെന്നത് സംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടെ, ക്രിസ്മസിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തിയാല്‍ അതിനെ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കി ഉപപ്രധാനമന്ത്രിയും, ഭരണകക്ഷിയായ Fianna Fail-ന്റെ നേതാവുമായ മീഹോള്‍ മാര്‍ട്ടിന്‍. മറ്റുള്ളവര്‍ ക്രിസ്മസിന് മുമ്പായി തെരഞ്ഞെടുപ്പ് നടത്തണം എന്ന ആഗ്രഹമറിയിച്ചാല്‍ എതിര്‍ക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമേ തെരഞ്ഞെടുപ്പ് ഉണ്ടാകൂ എന്നായിരുന്നു മാര്‍ട്ടിന്‍ നേരത്തെ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്.
നിലവില്‍ തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സഖ്യകക്ഷികള്‍ക്കിടയില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു. എന്നാല്‍ ഫിനാന്‍സ് ബില്‍ പാസാകാതെ തെരഞ്ഞെടുപ്പ് നടത്തുക അസാധ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ആവശ്യമായതെല്ലാം ചെയ്ത് പൂര്‍ത്തിയാക്കിയ ശേഷം സ്ഥാനമൊഴിയുന്നതാകും ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വിവിധ ബില്ലുകളെ പരാമര്‍ശിച്ച് മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു. പ്ലാനിങ് ബില്‍ പാസാക്കിയതായും, ഗ്യാംബ്ലിങ് ബില്‍, മെന്റല്‍ ഹെല്‍ത്ത് ബില്‍ എന്നിവയെല്ലാം സര്‍ക്കാര്‍ വൈകാതെ പാസാക്കാനിരിക്കുകയാണെന്നും പറഞ്ഞ മാര്‍ട്ടിന്‍, ഫിനാന്‍സ് ബില്‍ പാസാക്കേണ്ടത് അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
നവംബര്‍ അവസാനമോ, ഡിസംബര്‍ ആദ്യമോ അതുമല്ലെങ്കില്‍ 2025 ഫെബ്രുവരിയിലോ പൊതുതെരഞ്ഞെടുപ്പ് നടത്താവുന്നതാണെന്ന് പറഞ്ഞ മാര്‍ട്ടിന്‍, നവംബറും, ഫെബ്രുവരിയും തമ്മില്‍ വലിയ കാലദൈര്‍ഘ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് നേരത്തെ നടത്താവുന്നതാണെന്ന് പറഞ്ഞെങ്കിലും സര്‍ക്കാരിന് ഇനിയുമേറെ കാര്യങ്ങള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചെയ്തുതീര്‍ക്കാനുണ്ടെന്ന വ്യക്തമായ സന്ദേശമാണ് മാര്‍ട്ടിന്‍ നല്‍കുന്നത്.