ബിനു ഉപേന്ദ്രൻ
മരവിച്ച കൈകാലുകൾക്ക് വീണ്ടും ചൂടുപകരുന്ന ഇളംവെയിൽ… ഐറിഷ് ശൈത്യം പതിയെ വാതിൽ ചാരുമ്പോൾ, വസന്തം അതിന്റെ വർണ്ണപ്പകിട്ടാർന്ന വരവറിയിക്കുന്നു. ഒപ്പം, കാത്തിരിപ്പിനൊടുവിൽ പർവതാരോഹണ കാലവും! ‘മരതക ദ്വീപ്’ എന്നറിയപ്പെടുന്ന അയർലൻഡ്, സാഹസികരായ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത് എന്തെല്ലാം വിസ്മയങ്ങളാണെന്നോ? കുത്തനെയുള്ള കയറ്റങ്ങൾ, പച്ച പുതച്ച താഴ്‌വരകൾ, മേഘങ്ങളെ തൊട്ടുരുമ്മി നിൽക്കുന്ന കൊടുമുടികൾ… ഈ സ്വപ്നഭൂമിയിൽ നിങ്ങളെ കാത്തിരിക്കുന്ന 10 മികച്ച പർവതങ്ങളെ പരിചയപ്പെടാം.
1. ഫെയറി കാസിൽ (Fairy Castle)
അയർലൻഡിലെ എന്റെ ആദ്യ പർവതാരോഹണാനുഭവം, ‘ഫെയറി കാസിൽ’ എന്ന പേര് അന്വർത്ഥമാക്കുന്ന മാന്ത്രികത നിറഞ്ഞതായിരുന്നു; ഈ പർവ്വതം ടു റോക്ക് എന്നും അറിയപ്പെടുന്നു. വിക്ലോ പർവതനിരയിലെ മറ്റ് കൊടുമുടികളോളം ഉയരമില്ലെങ്കിലും (537 മീറ്റർ) , മലകയറ്റം തുടങ്ങുന്നവർക്ക് പറ്റിയ മികച്ചൊരു തിരഞ്ഞെടുപ്പാണ്. ഡബ്ലിന് സമീപം സ്ഥിതി ചെയ്യുന്നതിനാൽ ഒരു ദിവസത്തെ യാത്രയ്ക്ക് ഇത് വളരെ സൗകര്യപ്രദമാണ്. ചരിത്രപരമായ പ്രാധാന്യമുള്ള ഈ മലയിൽ പുരാതന ശവകുടീരങ്ങൾ (cairns) ധാരാളമായി കാണാം. ഒരുപക്ഷേ, ശവസംസ്കാരത്തിനോ അതിർത്തി നിർണ്ണയത്തിനോ വേണ്ടി നിർമ്മിച്ചവയാകാം ഇവ. ടിക്നോക്ക് ഫോറസ്റ്റിൽ നിന്ന് മലകയറി തുടങ്ങുമ്പോൾ തന്നെ, വഴിയിൽ ഒരു ചെറിയ കുന്നിൻ മുകളിൽ ഫെയറി കാസിൽ, ആരോ കൊത്തിവെച്ച ശില്പം പോലെ ഉയർന്നു നിൽക്കുന്നത് കാണാം.
മുകളിൽ നിന്നുള്ള ഡബ്ലിൻ നഗരത്തിന്റെ പനോരമിക് ദൃശ്യം അവിസ്മരണീയമാണ്. ചുറ്റുമുള്ള മലനിരകളും, വസന്തകാലത്ത് വിരിയുന്ന വർണ്ണാഭമായ പൂക്കളും ഫെയറി കാസിലിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നു. താരതമ്യേന ആയാസരഹിതമായ കയറ്റം എല്ലാത്തരം സഞ്ചാരികൾക്കും ഇവിടം പ്രിയങ്കരമാക്കുന്നു.
2. ബെൻബൾബൻ (Benbulben)
സ്ലൈഗോയുടെ അഭിമാനമായ ബെൻബുൾബൻ (526 മീറ്റർ), ഒരു പ്രകൃതിദത്ത ശില്പം പോലെ ആകാശത്ത് ഉയർന്നുനിൽക്കുന്നു. മേശപ്പുറം പോലെ പരന്ന മുകൾഭാഗവും കുത്തനെയുള്ള ചെരിവുകളുമുള്ള ഈ പർവതം W.B. യീറ്റ്സിന്റെ കവിതകളിലൂടെ അനശ്വരമായി. ബെൻബുൾബന്റെ മുകളിൽ നിന്നാൽ, സ്ലൈഗോ തീരവും അറ്റ്ലാന്റിക് സമുദ്രവും കാണാം. പച്ച പുതച്ച കുന്നുകളും താഴ്‌വരകളും ഈ കാഴ്ചയ്ക്ക് മാറ്റുകൂട്ടുന്നു. ഗോർട്ട്നാഗോർ, ലൂക്കനാസ്റ്റോൺ എന്നിവിടങ്ങളിൽ നിന്ന് തുടങ്ങി 3-4 മണിക്കൂർ കൊണ്ട് മുകളിലെത്താം.
3. ഡ്ജൂസ് (Djouce) mountain
വിക്ലോ പർവതനിരയിലെ ശ്രദ്ധേയമായ കൊടുമുടികളിലൊന്നാണ് 725 മീറ്റർ ഉയരമുള്ള ഡ്ജൂസ്. അയർലൻഡിലെ പ്രസിദ്ധമായ ട്രെക്കിംഗ് പാതയായ Wicklow wayയുടെ ഭാഗമായതിനാൽ, ഡ്ജൂസ് മലകയറ്റക്കാർക്കും പ്രകൃതിസ്‌നേഹികൾക്കും ഒരുപോലെ പ്രിയങ്കരമാണ്. താരതമ്യേന ആയാസരഹിതമായ കയറ്റവും അതിശയകരമായ കാഴ്ചകളും ഡ്ജൂസിനെ ആകർഷകമാക്കുന്നു. ഡബ്ലിനിൽ നിന്ന് ഏകദേശം ഒരു മണിക്കൂറിനുള്ളിൽ എത്തിച്ചേരാവുന്നതിനാൽ, ഒരു ദിവസത്തെ യാത്രയ്‌ക്കോ ചെറിയ അവധിക്കാല ആഘോഷത്തിനോ ഇത് തിരഞ്ഞെടുക്കാം. അയർലൻഡിലെ ഏറ്റവും ഉയരം കൂടിയ പവർസ്‌കോർട്ട് വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യവും ഇവിടെ നിന്ന് ലഭിക്കും.
4. എറിഗാൽ (Errigal)
Donegal കൗണ്ടിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എറിഗൽ (751 മീറ്റർ), ഒരു സൂചിമുന പോലെ ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന കാഴ്ച ആരെയും ആകർഷിക്കും. അയർലൻഡിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ മലയുടെ പ്രത്യേകത, അതിന്റെ കോണാകൃതിയും ചുറ്റുമുള്ള വ്യത്യസ്തമായ ഭൂപ്രകൃതിയുമാണ്. ചതുപ്പുനിലങ്ങളും പച്ചപ്പും നിറഞ്ഞ താഴ്‌വാരങ്ങളും കടന്നുവേണം മുകളിലെത്താൻ. സൂര്യാസ്തമയ സമയത്ത് എറിഗലിന്റെ മുകളിൽ നിന്നുള്ള കാഴ്ച അതിഗംഭീരമാണ്. അസ്തമയസൂര്യന്റെ രശ്മികൾ പാറകളിൽ തട്ടി പ്രതിഫലിക്കുന്നതും, താഴെ ഡെറിവീഗ് പർവതനിരകളും ഡൺലെവി തടാകവും കാണുന്നതും അവിസ്മരണീയമായ അനുഭവമാണ്.
5. ക്രോഘ് പാട്രിക്ക് (Croagh Patrick)
അയർലൻഡിന്റെ പടിഞ്ഞാറ്, മയോ കൗണ്ടിയിൽ ഉയർന്നുനിൽക്കുന്ന ക്രോ പാട്രിക് (764 മീറ്റർ), വിശ്വാസത്തിന്റെയും പ്രകൃതിയുടെയും സമ്മേളനമാണ്. ‘പുണ്യപർവതം’ എന്ന് ഖ്യാതിയുള്ള ഇവിടെയാണ് സെന്റ് പാട്രിക് 40 രാപ്പകലുകൾ ഉപവസിച്ചതെന്ന് ഐതിഹ്യം. ‘റീക്ക് സൺഡേ’യിൽ ആയിരക്കണക്കിന് തീർത്ഥാടകർ, പലരും നഗ്നപാദരായി, മലകയറാനെത്തുന്നു. മുകളിലെത്തിയാലുള്ള കാഴ്ച ശരിക്കും മനസ്സിൽ തങ്ങിനിൽക്കുന്നതാണ്: ക്ലെ ബേയിലെ ദ്വീപുകൾ അറ്റ്‌ലാന്റിക്കിന്റെ പശ്ചാത്തലത്തിൽ ഒരു ചിത്രം പോലെ കാണാം. കുത്തനെയുള്ള പാറകൾ നിറഞ്ഞ വഴികൾ കയറ്റത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും, മുകളിലെ ചാപ്പൽ പ്രാർത്ഥനയുടെയും ശാന്തിയുടെയും ഇടമാണ്.
6. ടോണൽജി (Tonelagee)
വിക്ലോ മലനിരകളിലെ ടോണൽജി (817 മീറ്റർ), ഹൃദയാകൃതിയിലുള്ള ലൗഫ് ഔളർ (Lough Ouler) തടാകത്തിന് പേരുകേട്ടതാണ്. താരതമ്യേന എളുപ്പമുള്ള കയറ്റമായതുകൊണ്ട് തുടക്കക്കാർക്കും പരിചയസമ്പന്നർക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടും. ഡബ്ലിനിൽ നിന്ന് ഒരു മണിക്കൂറിനുള്ളിൽ ഗ്ലെൻമാക്നാസ് താഴ്‌വരയിലെത്തി മലകയറ്റം തുടങ്ങാം. 2-3 മണിക്കൂറിനുള്ളിൽ, പുൽമേടുകളും ചെറിയ പാറക്കെട്ടുകളും കടന്ന് മുകളിലെത്താം. അവിടെ നിന്നാൽ വിക്ലോ മലനിരകളുടെയും, ചിലപ്പോൾ ഐറിഷ് കടലിന്റെയും വിദൂരദൃശ്യം ആസ്വദിക്കാം.
7. ഗാൽടിമോർ (Galtymore)
ടിപ്പററിയുടെയും ലിമെറിക്കിന്റെയും അതിർത്തിയിൽ, ഗാൽട്ടി പർവതനിരകളിൽ 917 മീറ്റർ ഉയരത്തിൽ ഗാംഭീര്യത്തോടെ നിൽക്കുന്ന ഗാൽട്ടിമോർ, മൺസ്റ്റർ പ്രവിശ്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. ടിപ്പററിയുടെ വയലേലകളും ലിമെറിക്കിന്റെ കുന്നുകളും അകലെ കെറിയിലെ മലനിരകളും വരെ നീളുന്ന ഈ ദൃശ്യം വാക്കുകൾക്കതീതമാണ്. ഐറിഷ് പുരാണകഥകളിലെ ഡിയാർമുയിഡിന്റെയും ഗ്രെയ്‌നെയുടെയും പ്രണയവുമായി ബന്ധപ്പെട്ട ലൗഫ് ഡിയാർമുഡ് ആൻ ഗ്രെയിന എന്ന തടാകം ഈ പർവതമുകളിലുണ്ട്. കിങ്സ്‌യാർഡിൽ നിന്നോ ബ്ലാക്ക്‌റോഡിൽ നിന്നോ ആണ് സാധാരണയായി മലകയറ്റം ആരംഭിക്കുന്നത്. പുൽമേടുകളും പാറക്കെട്ടുകളും നിറഞ്ഞ വഴിയിലൂടെ മൂന്നോ നാലോ മണിക്കൂർ വേണം മുകളിലെത്താൻ.
8. ലുഗ്നാക്വില്ല (Lugnaquilla)
Leinster province-ലേയും Wicklow Mountains National Park-ലേയും ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് Lugnaquilla (925m). “Lug” എന്ന് വിളിക്കപ്പെടുന്ന ഈ പർവ്വതം കയറുന്നത് അല്പം ശ്രമകരമാണെങ്കിലും, മുകളിൽ നിന്നുള്ള കാഴ്ചകൾ ആരെയും വിസ്മയിപ്പിക്കും. കുത്തനെയുള്ള ചെരിവുകളും പരന്ന മുകൾഭാഗവും ഉള്ളതിനാൽ സാഹസികരായ മലകയറ്റക്കാർക്ക് ഇതൊരു പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. ചുറ്റുമുള്ള മലനിരകളും, ചതുപ്പുകളും, തടാകങ്ങളും ചേർന്നൊരുക്കുന്ന 360° കാഴ്ചകൾ അതിമനോഹരമാണ്. എന്നാൽ, മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് ശ്രദ്ധയോടെ വേണം മലകയറാൻ. ശരിയായ തയ്യാറെടുപ്പോടെ ആർക്കും ലുഗ് കീഴടക്കാം. Glenmalure താഴ്‌വരയിൽ നിന്നുള്ള പ്രധാന പാതയിലൂടെ കയറുമ്പോൾ, പഴയ സൈനിക വഴികളും പ്രകൃതിരമണീയമായ കാഴ്ചകളും ആസ്വദിക്കാം.
9. മൗണ്ട് ബ്രാൻഡൻ (Mount Brandon)
കൗണ്ടി കെറിയിലെ ഡിംഗിൾ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ബ്രാൻഡൻ (952 മീറ്റർ), അയർലൻഡിന്റെ ഏറ്റവും ഉയർന്ന പർവതങ്ങളിൽ ഒന്നായി മാത്രമല്ല, പുണ്യാലയവും സാഹസികതയും സമന്വയിപ്പിക്കുന്ന ഒരു അതുല്യ ശിഖരമായും വിശേഷിപ്പിക്കപ്പെടുന്നു. ഈ പർവതത്തിന്റെ പേര് സെന്റ് ബ്രെൻഡൻ ദി നാവിഗേറ്ററിൽ (St. Brendan the Navigator) നിന്നാണ് ഉത്ഭവിച്ചത്, ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഐറിഷ് സന്യാസിയായ അദ്ദേഹം ഈ പർവതത്തിൽ പ്രാർത്ഥനയിൽ മുഴുകിയതായി വിശ്വസിക്കപ്പെടുന്നു. അതിനാൽ, മൗണ്ട് ബ്രാൻഡൻ പുരാതന തീർത്ഥാടന പാതയായി അറിയപ്പെടുന്നു,
കയറ്റം സാധാരണയായി ഫാഹാ (Faha) എന്ന സ്ഥലത്ത് നിന്നാണ് ആരംഭിക്കുന്നത്, അവിടെ പുരാതന തീർത്ഥാടന പാതയുടെ അവശേഷിപ്പുകൾ—കല്ലുകൾ കൊണ്ട് അടയാളപ്പെടുത്തിയ ക്രോസുകളും ചെറിയ പ്രാർത്ഥനാലയങ്ങളും—കാണാം. ഏകദേശം മൂന്ന് മുതൽ നാല് മണിക്കൂർ വരെ എടുക്കുന്ന ഈ പാത, പുല്ല് നിറഞ്ഞ ചരിവുകളിലൂടെയും പിന്നീട് കുത്തനെയുള്ള പാറക്കെട്ടുകളിലൂടെയും കടന്നുപോകുന്നു. മുകളിൽ എത്തുമ്പോൾ, സെന്റ് ബ്രെൻഡന്റെ പേര് പറഞ്ഞ് നിർമ്മിച്ച ഒരു ചെറിയ കല്ല് ഓറട്ടറി (oratory) കാണാം, അവിടെ തീർത്ഥാടകർ പ്രാർത്ഥനയിൽ മുഴുകുന്നു.
10. കാരന്റുഹിൽ (Carrauntoohil)
അയർലൻഡിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കാരൻടൂഹിൽ (1,038 മീറ്റർ) കെറി കൗണ്ടിയിലാണ്. മാക്ഗില്ലിക്കഡി റീക്ക്സ് പർവതനിരയുടെ ഭാഗമായ ഇത് കയറ്റക്കാർക്ക് ഒരു സ്വപ്നമാണ്. കുത്തനെയുള്ള പാറക്കെട്ടുകളും ‘ഡെവിൾസ് ലാഡർ’ പോലെയുള്ള വെല്ലുവിളി നിറഞ്ഞ വഴികളും കാരൻടൂഹിലിന്റെ പ്രത്യേകതയാണ്. മുകളിലെത്തിയാൽ താഴ്‌വരകളുടെയും തടാകങ്ങളുടെയും മനോഹരമായ കാഴ്ചകൾ കാണാം. ഹാഗ്സ് ഗ്ലെനിലെ ലൗഫ് ഗൂർ തടാകം പ്രത്യേകിച്ചും ഭംഗിയുള്ളതാണ്. മുകളിലൊരു വലിയ ഇരുമ്പു കുരിശുണ്ട്. കാലാവസ്ഥ പെട്ടെന്ന് മാറാൻ സാധ്യതയുള്ളതുകൊണ്ട് ശ്രദ്ധിച്ചു വേണം മലകയറാൻ. ക്രോനിൻസ് യാർഡ്, ഹൈഡ്രോ ട്രാക്ക് എന്നിവിടങ്ങളിൽ നിന്നാണ് സാധാരണയായി കയറ്റം തുടങ്ങുന്നത്. ഡെവിൾസ് ലാഡർ വഴിയോ ബ്രദേഴ്‌സ് ഗല്ലി വഴിയോ മുകളിലെത്താം.
മലകയറ്റം വെറുമൊരു വിനോദമല്ല, ഒരു വെല്ലുവിളിയാണ്. സ്വന്തം പരിമിതികളെ പരീക്ഷിക്കാനും, അതിനപ്പുറം വളരാനുമുള്ള അവസരം. ഓരോ കയറ്റവും ഓരോ പാഠമാണ്, ഓരോ ഇറക്കവും പുതിയ തുടക്കവും. മുകളിലെത്തുമ്പോൾ, നിങ്ങൾ പഴയ ആളായിരിക്കില്ല. കാഴ്ചകൾ മാറും, കാഴ്ചപ്പാടുകളും… അത് നിങ്ങളെ മറ്റൊരാളാക്കി മാറ്റും!