ഇയുവിന് മേലുള്ള 20% നികുതി: ഉഭയകക്ഷി ചർച്ചയ്ക്കായി ഐറിഷ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് യുഎസിലേയ്ക്ക്

യൂറോപ്യന്‍ യൂണിന് മേല്‍ യുഎസ്എ ഏര്‍പ്പടുത്തിയ 20% ഇറക്കുമതി നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഐറിഷ് ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ് യുഎസിലേയ്ക്ക്. വാഷിങ്ടണ്‍ ഡിസിയില്‍ യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്‌സ് ഹൊവാര്‍ഡ് ലുട്‌നിക്കുമായി ഹാരിസ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

ഇയു ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 20% നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ചയാണ് വ്യക്തമാക്കിയത്. ഏപ്രില്‍ 5 മുതല്‍ 10% നികുതി നിലവില്‍ വന്നിട്ടുണ്ട്. ബാക്കി 10% ഏപ്രില്‍ 9 മുതല്‍ നിലവില്‍ വരും. അതേസമയം യുഎസിലേയ്ക്കുള്ള ഐറിഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഈ അധിക നികുതി ബാധകമാകുമെന്നാണ് നേരത്തെ കരുതിയിരുന്നതെങ്കിലും, മരുന്നുകളെ നികുതി പരിധിയില്‍ നിന്നും ഒഴിവാക്കിയതിനാല്‍ അയര്‍ലണ്ടിന് താല്‍ക്കാലികമായി ആശ്വസിക്കാന്‍ വകയുണ്ട്. പക്ഷേ ഭാവിയില്‍ മരുന്നുകളെ കൂടി നികുതിപരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ യുഎസിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വന്‍കിട ഇറക്കുമതിക്കാര്‍ എന്ന നിലയില്‍ അയര്‍ലണ്ടിന് അത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും.

ഇക്കാര്യങ്ങളെല്ലാം മുന്നില്‍ക്കണ്ടാണ് ട്രംപ് ഭരണകൂടത്തിലെ ഉന്നതരുമായി മുഖാമുഖ ചര്‍ച്ച നടത്താന്‍ ഹാരിസ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അതേസമയം നിലവിലെ സാഹചര്യങ്ങളെ നേരിടാന്‍ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും’ എന്നാണ് ഹാരിസ് മറുപടി നല്‍കിയത്. അതേസമയം ഇതുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നാം നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറുവശത്ത് അമിതനികുതി അമേരിക്കക്കാരെ മോശമായി ബാധിച്ചുതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്രംപിന്റെ പുതിയ വാണിജ്യനയപ്രകാരം, ഉല്‍പ്പന്നങ്ങളുടെ തദ്ദേശീയമായ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചെലുത്തുന്നത്. ഇയുവിന് പുറമെ ചൈന, കാനഡ, ഇന്ത്യ മുതലായ രാജ്യങ്ങളില്‍ നിന്നെല്ലാമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ നികുതി ഈടാക്കുകയാണ് യുഎസ്.

Share this news

Leave a Reply

%d bloggers like this: