യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള അലുമിനിയം, സ്റ്റീല്‍ എന്നിവയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25% ഇറക്കുമതി തീരുവയ്ക്ക് മറുപടിയായി യുഎസില്‍ നിന്നുമുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25% നികുതി തിരിച്ചും ഏര്‍പ്പെടുത്താന്‍ ഇയു. ഇയു കമ്മീഷന്‍ തിങ്കളാഴ്ച ഇത് സംബന്ധിച്ച് പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ ഇന്ന് ഇയു അംഗരാജ്യങ്ങള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇതോടെ യുഎസിന് മേല്‍ ഇയു ഏര്‍പ്പെടുത്തുന്ന ‘പകരച്ചുങ്കം’ 23 ബില്യണ്‍ ഡോളര്‍ (18 ബില്യണ്‍ യൂറോ) വരും.
പല ഘട്ടങ്ങളിലായാണ് ഈ നികുതി പ്രാബല്യത്തില്‍ വരിക. ഏതാനും ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള നികുതി ഏപ്രില്‍ 15 മുതല്‍ നിലവില്‍ വരുമ്പോള്‍, ചിലത് മെയ് 15-നും, ബാക്കി ഡിസംബര്‍ 1-നുമാണ് പ്രാബല്യത്തില്‍ വരിക. അതേസമയം ഏതെല്ലാം ഉല്‍പ്പന്നങ്ങളാണ് ഈ തീയതികളില്‍ പുതിയ നികുതി പരിധിയില്‍ വരിക എന്നതില്‍ ഇയു എക്‌സിക്യുട്ടീവ് കമ്മീഷന്‍ വ്യക്തത നല്‍കിയിട്ടില്ല.
യുഎസിന്റെ പുതിയ നികുതിനിരക്കുകള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതും, പ്രതിസന്ധി സൃഷ്ടിക്കുന്നതാണെന്നും ഇയു കമ്മീഷന്‍ പ്രതികരിച്ചു. ഇത് രണ്ട് കൂട്ടര്‍ക്കും സാമ്പത്തികഭാരം സൃഷ്ടിക്കുമെന്നും അതിനാല്‍ യുഎസുമായി അനുരഞ്ജന ചര്‍ച്ചയാണ് ഇയു ലക്ഷ്യമിടുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. നേരത്തെ കാറുകള്‍ അടക്കമുള്ള ഇന്‍ഡസ്ട്രിയല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പരസ്പര നികുതി ഒഴിവാക്കാമെന്ന നിര്‍ദ്ദേശം ഇയു കമ്മീഷന്‍ മുന്നോട്ട് വച്ചിരുന്നെങ്കിലും, ട്രംപ് അംഗീകരിച്ചിരുന്നില്ല.
പ്രാദേശികമായി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ട് നിലവില്‍ യുഎസ് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തിയത് ആഗോളവ്യാപാരമേഖലയിലാകെ പ്രതിസന്ധിയും, ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. കാനഡയ്ക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ നികുതിക്ക് അതേ നിരക്കില്‍ തന്നെ മറുപടി നല്‍കുമെന്ന് കാനഡ അറിയിച്ചിട്ടുണ്ട്. ചൈനയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ 104% നികുതിക്ക് മറുപടിയായി ചൈന യുഎസിന് മേലുള്ള നികുതി 34-ല്‍ നിന്നും 84% ആയും ഉയര്‍ത്തി. ഇത്തരത്തില്‍ നികുതി വര്‍ദ്ധന തുടരുകയാണെങ്കില്‍ ഭാവിയില്‍ യുഎസില്‍ സാമ്പത്തികമാന്ദ്യം വന്നേക്കാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.